റോം- കോവിഡ് സംഹാര താണ്ഡവമാടിയ ഇറ്റലിയില്‍ ഇതുവരെ 100 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി രാജ്യത്തെ ഹെല്‍ത്ത് അസോസിയേഷന്‍. ഫെബ്രുവരിയില്‍ വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍തന്നെ കൊറോണ രോഗികളെ ചികിത്സിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കാണ് ജീവന്‍ നഷ്‍ടമായത്. കോവിഡ് രോഗബാധ രൂക്ഷമായതോടെ വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ഇറ്റാലിയന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇത്തരത്തില്‍ വീണ്ടും ജോലിക്കെത്തിയ വിരമിച്ച ഡോക്ടര്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
'നൂറ് ഡോക്ടര്‍മാരാണ് കോവിഡ് 19 കാരണം ഇറ്റലിയില്‍ മരണപ്പെട്ടത്.ഒരുപക്ഷേ, ഇതു പറയുമ്പോള്‍ അത് 101 ആയിട്ടുണ്ടാകാം' എന്നാണ് FNOMCeO ഹെല്‍ത്ത് അസോസിയേഷന്‍ വക്താവ് എഎഫ്പിയോട് പറഞ്ഞത്. നഴ്‌സുമാരും നഴ്‌സിംഗ് സഹായികളുമായി 30 പേരും കോവിഡ് പോരാട്ടത്തിനിടെ മരണപ്പെട്ടിട്ടുണ്ട്. ഇറ്റലിയില്‍ ആകെ കോവിഡ് ബാധിച്ചവരില്‍ പത്ത് ശതമാനവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണെന്നും അസോസിയേഷന്റെ റിപ്പോര്‍ട്ട് പറയുന്നു. രണ്ടായിരത്തിന് അടുത്ത് മരണങ്ങള്‍ ഇത്തരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ മാസ്‌ക് അടക്കമുള്ള ആരോഗ്യ സുരക്ഷാ ഉപകരണങ്ങളില്ലാതെ രോഗികളുമായി ഇടപഴകേണ്ടിവന്നതാണ് ആരോഗ്യപ്രവര്‍ത്തകരേയും വന്‍തോതില്‍ കോവിഡ് പിടികൂടാന്‍ കാരണമായത്.
കോവിഡിനെ തുടര്‍ന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ രാജ്യമാണ് ഇറ്റലി. ഇതുവരെ 17,669 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 1.43 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.