ഛണ്ഡീഗഡ്- രാജ്യത്ത് കൊറോണ ബാധ സെപ്തംബര്‍ മാസത്തോടെ അതിന്റെ പാരമ്യത്തില്‍ എത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഇന്ത്യയിലെ 58%ആളുകളെയും ഈ വൈറസ് ബാധിക്കും. രാജ്യത്ത് 80%-85% ആളുകളെയും രോഗം ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടലെന്നും അദ്ദേഹം അറിയിച്ചു. ഇവ ഭയാനകമായ കണക്കുകളാണ്. ശാസ്ത്രജ്ഞരും മെഡിക്കല്‍ ഫാക്കല്‍റ്റിയും പറയുന്നത്് അനുസരിച്ചാണ് നമ്മള്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവിക്കാനിരിക്കുന്നതൊന്നും നല്ലതല്ലെന്നും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയും ബോസ്റ്റണ്‍ സര്‍വകലാശാലയും നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി അമരീന്ദര്‍സിങ് പറയുന്നു.
അണുബാധ കഴിയുന്നത്ര ആളുകളിലും പരിശോധിക്കേണ്ടതുണ്ട്. രോഗം പടരുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ നേരിടാനായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണ്. ആദ്യഘട്ടത്തില്‍ 2000 കിടക്കകളും ആവശ്യമായ ഉപകരണങ്ങളും വേണ്ടി വരുമ്പോള്‍ അടുത്ത ഘട്ടത്തില്‍ പതിനായിരം കിടക്കകളും ഉപകരണങ്ങളും ആവശ്യമായി വരും. പിന്നീട് അത് മുപ്പതിനായിരം കിടക്കകളും ഒരു ലക്ഷം കിടക്കകളുമായി വര്‍ധിപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പഞ്ചാബില്‍ നിലവിലുള്ള രോഗികളില്‍ 27 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇത് സാമൂഹിക വ്യാപനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പഞ്ചാബില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. എന്നാല്‍ വിളവെടുപ്പിന് തയ്യാറായ റാബി വിളകള്‍ സംഭരിക്കാന്‍ പ്രാപ്തമാക്കുന്നതിന് കര്‍ഷകര്‍ക്ക് ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ നിയന്ത്രണം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.കൊറോണ ബാധിച്ച് ഇതുവരെ 11 മരണങ്ങളാണ് പഞ്ചാബില്‍ ഉണ്ടായിരിക്കുന്നത്. 132 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.