കൊച്ചി- എൻ.ഐ.എ അന്വേഷണം നേരിടുന്ന ഹാദിയ കടുത്ത മനുഷ്യാവകാശലംഘനം നേരിടുന്നുവെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് മോഹൻദാസാണ് ഉത്തരവിട്ടത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോട്ടയം എസ്.പിയോടാണ് ഇക്കാര്യം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്. കോട്ടയത്ത് നടക്കാനിരിക്കുന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ ഇക്കാര്യം പരിഗണിക്കും. മനുഷ്യാവകാശ കമ്മീഷനിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ എസ്.പിയോട് ആവശ്യപ്പെടും. ഇതിന് പുറമെ ഹാദിയയെ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾ സന്ദർശിക്കും.
ഇന്നലെയാണ് ഹാദിയ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം യൂത്ത് ലീഗ് പ്രതിനിധികൾ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് മോഹൻദാസിന് നിവേദനം നൽകിയത്. മനുഷ്യാവകാശ കമ്മീഷൻ തീരുമാനം സ്വാഗതാർഹമാണെ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ ലംഘനം ഹാദിയ പ്രശ്‌നത്തിലുണ്ടോ എത് കേരളീയ സമൂഹത്തിന്റെ കൂടി ആശങ്കയാണ്. അതുകൊണ്ടു തന്നെ ഹാദിയ വിഷയത്തിൽ ഒരു സുതാര്യത എല്ലാവരുടെയും ആവശ്യമാണെും മുനവറലി തങ്ങൾ പറഞ്ഞു.