കുവൈത്ത് സിറ്റി-പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യക്കാര്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഏപ്രില്‍ 16 മുതല്‍ 20 വരെയാക്കി. 11 മുതല്‍ 15 വരെയുണ്ടായിരുന്നത് കഴിഞ്ഞ ദിവസം 20 മുതല്‍ 24വരെ ആക്കിയിരുന്നു. പിന്നീട് അത് 16 മുതല്‍ 20 വരെ തീയതികളിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് തീയതി മാറ്റാന്‍ കാരണം. ഇന്ത്യന്‍ എംബസി അധികൃതര്‍ അത് സംബന്ധിച്ച് ഇന്നലെ കുവൈത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി മാറ്റിയെങ്കിലും അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് എന്ന് പുനരാരംഭിക്കുമെന്ന് ഉറപ്പില്ലാത്തതാണ് കാരണം.
യാത്രാരേഖയായി പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന ഇന്ത്യന്‍ എംബസി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25000 പേര്‍ക്കെങ്കിലും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് എംബസി ഇതിനകം 18000 ഫോമുകള്‍ സന്നദ്ധപ്രവര്‍ത്തകരെ ഏല്‍പിച്ചു. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരെ കണ്ടെത്തി അപേക്ഷാഫോം നല്‍കുകയും പൂരിപ്പിച്ച ഫോം സന്നദ്ധപ്രവര്‍ത്തകര്‍ മുഖേന തന്നെ എംബസിയില്‍ എത്തിച്ചാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും.