Sorry, you need to enable JavaScript to visit this website.

വരുംദിനങ്ങള്‍ ഭീതിജനകം; ജനങ്ങള്‍  സഹകരിക്കണം- പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്- വരുംദിനങ്ങളില്‍ കൊവിഡ് രോഗബാധ പാകിസ്താനില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അതിനാല്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിച്ച് മുന്‍കരുതലെടുക്കണമെന്നും അഭ്യര്‍ത്ഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആളുകള്‍ മരിക്കുന്നത് കുറവായതുകൊണ്ട് രാജ്യത്ത് കൊവിഡ് ബാധ വളരെ പതുക്കെയാണ് പടരുന്നതെന്ന വിചാരം തെറ്റാണ്. വൈറസ് വളരെവേഗം പടര്‍ന്നുപിടിക്കാം. വരും ദിനങ്ങളില്‍ സാഹചര്യം ഇതിലും വഷളാകുമെന്നും ഇമ്രാന്‍ ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യൂറോപ്പിലും അമേരിക്കയിലും സംഭവിച്ചതുപോലെ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ നമുക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകും. ലോക്ക് ഡൗണ്‍ കൊണ്ടുമാത്രം ഇതിന് പരിഹാരം കാണാന്‍ സാധിക്കില്ലെന്നും പൊലീസും ഭരണകൂടവും ജനങ്ങളെ വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കണമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ സാഹചര്യം കണക്കിലെടുത്ത് രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രാവര്‍ത്തികമല്ല. ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ 4,409 പേര്‍ക്കാണ് ഇതുവരെയുമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 64 പേര്‍ മരിച്ചു.
 

Latest News