കോക്‌സെസ് ബസാര്‍ (ബംഗ്ലാദേശ്)- മ്യാന്‍മറിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലെ റോഹിങ്യ ഭൂരിപക്ഷ പ്രദേശത്ത് ഒരാഴ്ചക്കിടെ 2,625 വീടുകള്‍ തീയിട്ടു നശിപ്പിച്ചതോടെ അഭയം തേടിയുള്ള റോഹിങ്യന്‍ മുസ്ലിംകളുടെ കൂട്ടപ്പാച്ചില്‍. 58,600 പേരാണ് ഈ മേഖലയില്‍ നിന്ന് രക്ഷതേടി അയല്‍രാജ്യമായ ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയതെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മുടങ്ങിയതായി ഏജന്‍സി പറയുന്നു. വീടുകള്‍ക്ക് തീവച്ച് തങ്ങളെ സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെ ആട്ടിപ്പായിക്കുകയാണ് ചെയ്തതെന്ന് പാലായനം ചെയ്തവര്‍ പറയുന്നു. എന്നാല്‍ അറക്കന്‍ റോഹിങ്യ സാല്‍വേഷന്‍ ആര്‍മി എന്ന സംഘടന സൈന്യത്തിന്റെ സുരക്ഷാ പോസ്റ്റുകള്‍ ആക്രമിക്കുകയും വീടുകള്‍ തീവച്ചു നശിപ്പിക്കുകയുമായിരുന്നെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ പറയുന്നു.
ആക്രമണത്തില്‍ ഇതുവരെ 400-ഓളം പേര്‍ കൊല്ലപ്പെട്ടതായും 11,700 'തദ്ദേശവംശജരെ' ഒഴിപ്പിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. മുസ്ലിംകളല്ലാത്ത പ്രദേശവാസികളെയാണ് സര്‍ക്കാര്‍ തദ്ദേശ വംശജര്‍ എന്നു വിശേഷിപ്പിച്ചത്. റോഹിങ്യന്‍ പ്രക്ഷോഭകാരികള്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ നടത്തിയ ചെറിയ ആക്രമണത്തെ തുടര്‍ന്നാണ് സൈന്യം ഇവരുടെ പ്രദേശങ്ങളില്‍ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തുടരുന്ന ആക്രമണ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈ തിവയ്പ്പ് ആക്രമണം.
അതേസമയം മനുഷ്യാവകാശ സംഘടനകള്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ ലഭിച്ച സൂചന സൈന്യം മുസ്ലിം ഗ്രാമങ്ങളില്‍ ഏകപക്ഷീയ ആക്രമണങ്ങള്‍ അഴിച്ചു വിട്ടുവെന്നാണ്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. റോഹിങ്യന്‍ ജനത തിങ്ങിപ്പാര്‍ക്കുന്ന റാഖൈന്‍ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങള്‍ കരുതിയതിലും രൂക്ഷമാണെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ നിഗമനം.
മ്യാന്‍മര്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലെ നാഫ് നദിക്കരയില്‍ നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് തമ്പടിച്ചിരിക്കുന്നത്. ഇവിടെ താല്‍ക്കാലി കുടിലുകള്‍ കെട്ടിയും പ്രദേശ വാസികളുടെ വീടുകളിലുമായാണ് ഇവര്‍ കഴിയുന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കൂടി എത്തുന്നതോടെ ഇനിയും ഇടം കണ്ടെത്തേണ്ടതുണ്ടെന്നും യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി വക്താവ് വിവിയന്‍ ടാന്‍ പറഞ്ഞു. റോഹിങ്യന്‍ അഭയാര്‍ത്ഥികളുടെ വരവ് ബംഗ്ലദേശും നിയന്ത്രിച്ചതോടെ ഇവരുടെ കാര്യം കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. 1990 മുതല്‍ നാടുവിട്ട നാലു ലക്ഷത്തോളം റോഹിങ്യന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ ബംഗ്ലാദേശിലുണ്ട്.
തങ്ങളുടെ ഗ്രാമം പൂര്‍ണമായും സൈന്യം തകര്‍ത്തു തരിപ്പണമാക്കിയതായി വെള്ളിയാഴ്ച ബംഗ്ലാദേശിലെത്തിയ അഭയാര്‍ത്ഥി 60-കാരനായ ജലാല്‍ അഹമദ് പറയുന്നു. മൂവ്വായിരത്തോളം വരുന്ന അഭയാര്‍ത്ഥി കൂട്ടത്തോടൊപ്പം കാല്‍നടയായാണ് ജലാല്‍ ഇവിടെ എത്തിയത്. 'ഇരുനൂറോളം പേരടങ്ങുന്ന സംഘമായാണ് സൈന്യം ഞങ്ങളുടെ ഗ്രാമത്തിലെത്തിയത്. എല്ലാ വീടുകളും അവര്‍ തകര്‍ത്തു. ആരെങ്കിലും വീട്ടിലേക്ക് തിരിച്ചു പോകാന്‍ ശ്രമിക്കുന്നത് കണ്ടാല്‍ അവര്‍ വെടിവെച്ചു കൊല്ലും. ഞങ്ങളെ ബലപ്രയോഗത്തിലൂടെ ഗ്രാമത്തില്‍ നിന്നും ആട്ടിയിറക്കുകയായിരുന്നു,' ജലാല്‍ റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
റോഹിങ്യന്‍ ന്യൂനപക്ഷത്തിനെതിരെ ആക്രമണവും ആട്ടിയോടിക്കലും ശക്തമാക്കിയതോടെ മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂ കിക്കെതിരെയാണ് ലോക രാജ്യങ്ങളുടെ പ്രതികരണങ്ങള്‍. 11 ലക്ഷത്തോളം വരുന്ന റോഹിങ്യന്‍ മുസ്ലിംകളോടുള്ള മ്യാന്‍മറിന്റെ സമീപനത്തോട് വര്‍ഷങ്ങളോളം സൈനിക ഭരണകൂടത്തിനെതിരെ പൊരുതിയ സൂ കി പ്രതികരിക്കുന്നില്ലെന്ന് പാശ്ചാത്യ വിമര്‍ശകര്‍ പറയുന്നു. സൂ കി തന്റെ കഴിവ് ഉപയോഗിച്ച് ഈ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രിട്ടന്‍ പ്രതികരിച്ചു.