ദമാം - ഷോപ്പിംഗ് ട്രോളികൾ ഓട്ടോമാറ്റിക് രീതിയിൽ അണുവിമുക്തമാക്കുന്ന അത്യാധുനിക യൂനിറ്റ് അശ്ശർഖിയ നഗരസഭ ഏർപ്പെടുത്തി. ഇത്തരത്തിൽ പെട്ട ആദ്യ യൂനിറ്റാണിത്. അൽകോബാറിലെ വ്യാപാര കേന്ദ്രത്തിനു മുന്നിലാണ് പുതിയ യൂനിറ്റ് സ്ഥാപിച്ചിരിക്കുന്നത്.
ഉപയോക്താക്കളുടെ ഉപയോഗത്തിന് വ്യാപാര കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പായി ഷോപ്പിംഗ് ട്രോളികൾ 2.6 മീറ്റർ നീളമുള്ള യൂനിറ്റിൽ വെക്കുകയാണ് ചെയ്യുന്നതെന്ന് അശ്ശർഖിയ നഗരസഭ മേയർ എൻജിനീയർ ഫഹദ് അൽജുബൈർ പറഞ്ഞു.
സമൂഹത്തിൽ കൊറോണ വ്യാപനം തടയുന്നതിന് നിരവധി പദ്ധതികൾ കഴിഞ്ഞ ദിവസങ്ങളിൽ അശ്ശർഖിയ നഗരസഭ നടപ്പാക്കിയിരുന്നു.
സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്തുള്ള മുൻകരുതലുകളുടെ ഭാഗമായാണ് ഷോപ്പിംഗ് ട്രോളികൾ ഓട്ടോമാറ്റിക് രീതിയിൽ അണുവിമുക്തമാക്കുന്ന യൂനിറ്റ് ഏർപ്പെടുത്തിയതെന്നും മേയർ പറഞ്ഞു.