ലുധിയാന- കോറോണ വ്യാപനത്തിനിടെ കള്ളനെ പിടികൂടി പുലിവാല് പിടിച്ചിരിക്കുകയാണ് പഞ്ചാബ് പോലീസ്. ലുധിയാനയിലെ ഗണേഷ് നഗറില്‍നിന്ന് രണ്ടുദിവസം മുമ്പ് പിടികൂടിയ കള്ളന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനിലെ 17 പൊലീസുകാരാണ് നിരീക്ഷണത്തിലുള്ളത്. പ്രതിയെ അറസ്റ്റുചെയ്യാൻ സഹായിച്ച രണ്ട് പ്രദേശവാസികളെയും മോഷ്ടാവിന്റെ 11 കുടുംബാംഗങ്ങളെയും ക്വാറന്റീനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മാത്രമല്ല, പ്രതിയെ ഹാജരാക്കിയ കോടതിയിലെ മജിസ്ട്രേറ്റിനോടും ജീവനക്കാരോടും നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
വാഹന മോഷ്ടാവായ സൗരവ് സെഗല്‍ എന്ന 25കാരനാണ് പോലീസിനും കോടതിക്കും കോവിഡ് കാലത്ത് പണിയുണ്ടാക്കിയത്. ഏപ്രിൽ 5നാണ് ലുധിയാനയിലെ ഗണേഷ് നഗര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസറുടെ നേതൃത്വത്തില്‍ മോഷ്ടാവിനെ പിടികൂടുന്നത്. ഏപ്രിൽ 6ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ, ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ ഡ്യൂട്ടി മജിസ്‌ട്രേറ്റ് പോലീസിനോട് ആവശ്യപ്പെട്ടു. സെഗലിന് പനിയും ചുമയും ഉണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ശേഷം, പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പ്രതിയുമായി ഇടപഴകിയ പോലീസുകാരും മജിസ്ട്രേറ്റും ഉള്‍പ്പെടെ മുഴുവന്‍ പേരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കേണ്ടിവന്നത്. ഏതായാലും ഈ കൊറോണ കാലത്ത് കള്ളന് പിറകെ ഓടാന്‍ ഇനി പോലീസ് തെല്ലൊന്ന് മടിയ്ക്കും. കുറഞ്ഞത് പഞ്ചാബിലെങ്കിലും!