പനാജി-ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഗോവയില്‍ ആഴ്ചകളായി കുടുങ്ങിയ 330 ബ്രിട്ടീഷ് പൗരന്‍മാര്‍ പ്രത്യേക ടൈറ്റാന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി. ഇന്ത്യയില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് എംബസിയാണ് പ്രത്യേക വിമാനം സജ്ജമാക്കിയത്. 312 മുതിര്‍ന്നവരും ഒരു കുട്ടിയും അടങ്ങിയ സംഘമാണ് ഗോവയില്‍നിന്ന് മടങ്ങിയത്.
ഗോവയിലെ ഡാബോലിം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ബ്രിട്ടീഷ് സംഘത്തെ വഹിച്ചുള്ള വിമാനം യാത്ര തിരിച്ചത്.
ഇന്ത്യയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ ഏഴ് വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയത്. ഗോവയില്‍ കുടുങ്ങിയ കൂടുതല്‍ ബ്രിട്ടീഷ് പൗരന്‍മാരെ അടുത്ത രണ്ട് വിമാനങ്ങളിലായി വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഒഴിപ്പിക്കും. മുംബൈ, ഡല്‍ഹി സംസ്ഥാനങ്ങളില്‍ കുടുങ്ങിയ പൗരന്‍മാരെ ഒഴിപ്പിക്കാനും ബ്രിട്ടീഷ് ഗവണ്‍മെന്റ് രണ്ട് വീതം വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.35,000ത്തോളം ബ്രിട്ടീഷ് പൗരന്‍മാരാണ് നിലവില്‍ ഇന്ത്യയിലുള്ളത്. ഇതില്‍ 20,000ത്തോളം പേര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങാന്‍ ഇതുവരെ ബ്രിട്ടീഷ് ഹൈകമ്മീഷനെ ബന്ധപ്പെട്ടിട്ടുണ്ട്.