Sorry, you need to enable JavaScript to visit this website.

ബിൽ ക്ലിന്റണെ ഇംപീച്ച്‌മെന്റിലേക്ക് നയിച്ച വിവാദത്തിലെ നായിക ലിൻഡ അന്തരിച്ചു

വാഷിംഗ്ടൺ- അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടികളിലേക്ക് നയിച്ച മോണിക്ക ലെവിൻസ്‌കി കേസിലെ വിവാദ നായിക ലിൻഡ ട്രിപ് അന്തരിച്ചു. 70 വയസായിരുനനു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ലിൻഡ കൊളംബിയയിലാണ് മരിച്ചത്. 1998-ൽ ക്ലിന്റണെ ഇംപീച്ച്‌മെന്റിലേക്ക് നയിച്ച കേസിലെ പ്രധാന തെളിവായ ഫോൺ ടേപ്പുകൾ സമർപ്പിച്ചത് ലിൻഡയായിരുന്നു. ക്ലിന്റണും വൈറ്റ് ഹൗസിലെ ഇന്റേണുമായിരുന്ന മോണിക്ക ലെവിൻസ്‌കിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള സംഭാഷണങ്ങളായിരുന്നു ടേപ്പിലുണ്ടായിരുന്നത്. 
ക്ലിന്റണും മോണിക ലെവിൻസ്‌കിയമായുള്ള ബന്ധത്തെ പറ്റിയുള്ള ടേപ്പ് ലിൻഡയാണ് അഭിഭാഷകൻ കെന്നത്ത് സ്റ്റാറിന് കൈമാറിയത്. ക്ലിന്റണുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ താൻ ധരിച്ച നീല വസ്ത്രത്തെ പറ്റി മോണിക്ക ലെവിൻസ്‌കി വെളിപ്പെടുത്തിയതും ലിൻഡയോടായിരുന്നു. 1990-കളിലാണ് അമേരിക്കയെ പിടിച്ചുകുലുക്കിയ വൈറ്റ് വാട്ടർ വിവാദമുണ്ടായത്. ഈ വിവാദം അന്വേഷിക്കാൻ അമേരിക്കൻ നിയമ മന്ത്രാലയം കെന്നത്ത് സ്റ്റാർ എന്ന സ്വതന്ത്ര അഭിഭാഷകനെ നിയോഗിച്ചു. ഈ കേസ് അന്വേഷിക്കാനുള്ള അവകാശവും കെന്നത്തിന് ലഭിച്ചു. ഇതനുസരിച്ച് ലൈംഗിക ബന്ധ സമയത്ത് ലെവിൻസ്‌കി ഉപയോഗിച്ചിരുന്ന വസ്ത്രം പിടിച്ചെടുത്തു. ഈ വസ്ത്രം താൻ ഡ്രൈ ക്ലീൻ ചെയ്യാതെ സൂക്ഷിച്ചിരിക്കുകയാണ് എന്ന് നേരത്തെ ലിൻഡയോട് ലെവിൻസ്‌കി വെളിപ്പെടുത്തിയിരുന്നു. ഡി.എൻ.എ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതോടെ തനിക്ക് മോണിക്ക ലെവിൻസ്‌കിയുമായി ബന്ധമില്ലെന്ന് ക്ലിന്റൺ പരസ്യമായി പറഞ്ഞു. 


താൻ വഞ്ചിക്കപ്പെട്ടുവെന്നാണ് പിന്നീട് ഇതിനെ പറ്റി മോണിക്ക ലെവിൻസ്‌കി പറഞ്ഞത്. എന്നാൽ സുഹൃത്തിനെ വഞ്ചിക്കാൻ തനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പ്രസിഡന്റിന്റെ സ്വഭാവദൂഷ്യം ലോകത്തെ അറിയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ലിൻഡ പറഞ്ഞു. ലിൻഡ അർബുദ ബാധിതയാണ് എന്നറിഞ്ഞപ്പോൾ പിന്തുണച്ചുകൊണ്ട് മോണിക്ക സന്ദേശം അറിയിച്ചിരുന്നു. ക്ലിന്റണ് എതിരായ ഇംപീച്ച്‌മെന്റ് ശ്രമം പരാജയപ്പെടുകയാണ് ചെയ്തത്. ഇത് വിജയിച്ചിരുന്നുവെങ്കിൽ മീ ടൂ ക്യാംപയിൻ കുറെ മുന്നേ ലക്ഷ്യം കാണുമായിരുന്നുവെന്നാണ് ലിൻഡ ഒരിക്കൽ പറഞ്ഞത്.

Latest News