Sorry, you need to enable JavaScript to visit this website.

ലോക്ഡൗൺ പ്രശ്‌നമായില്ല, സർക്കാരിന്റെ  തണലിൽ മുഹമ്മദ് നഹ്യാൻ ചെന്നൈയിലേക്ക്‌

തൃശൂർ - ലോക്ഡൗൺ പ്രശ്‌നമായില്ല, സംസ്ഥാന സർക്കാരിന്റെ തണലിൽ മുഹമ്മദ് നഹ്യാൻ ചികിത്സതേടി ചെന്നൈയിലേക്ക് യാത്രയായി. ഒന്നരവർഷമായി കണ്ണിനെ ബാധിക്കുന്ന അപൂർവരോഗമായ 'റെറ്റിനോ ബഌസ്‌റ്റോമ' എന്ന കാൻസർ മൂലം വിഷമിക്കുന്ന മതിലകം സ്വദേശിയായ രണ്ട് വയസ്സുകാരനാണ് അടിയന്തര ചികിത്സയ്ക്കായി ചെന്നൈയിലേക്ക് യാത്ര തിരിച്ചത്. ലോക്ഡൗൺ കാലത്ത് ചികിത്സയ്ക്ക് പോകാനാകാതെ ബുദ്ധിമുട്ടിയ നഹ്യാന്റെ യാത്രയ്ക്ക് തുണയായത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും അടിയന്തര ഇടപെടൽ. ജില്ലാ ഭരണകൂടം അയച്ച ആധുനിക സൗകര്യങ്ങളുള്ള 108 ആംബുലൻസിലാണ് ഇന്നലെ രാവിലെ 9 മണിയോടെ മാതാവിനൊപ്പം നഹ്യാൻ യാത്ര തിരിച്ചത്.


മതിലകം കൂളിമുട്ടം സ്വദേശിയായ കണ്ണംകില്ലത്ത് ഫാസിലിന്റെയും ആബിദയുടെയും മകനായ മുഹമ്മദ് നഹ്യാന് ജനിച്ച് നാല് മാസം പ്രായമായപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. അപൂർവ രോഗമായതിനാൽ കേരളത്തിൽ ഇതിന് ചികിത്സയില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയിലെ ശങ്കര നേത്രാലയ ആശുപത്രിയിൽ ഇതിന് ചികിത്സ ഉണ്ടെന്നറിഞ്ഞത്. കഴിഞ്ഞ ഒന്നരവർഷമായി ഇവിടെയാണ് ചികിത്സ. തുടർച്ചയായ അഞ്ച് മാസമായി ക്രയോ തെറാപ്പി ചികിത്സയും ചെയ്യുന്നുണ്ട്. ഓരോ 21 ദിവസം കൂടുമ്പോഴും ഈ ചികിത്സ ചെയ്യണം. 
രോഗത്തിന്റെ തീവ്രത അനുസരിച്ച് ഇടവേളകളും കൂടും. ഇക്കഴിഞ്ഞ മാർച്ച് 25നു ചികിത്സ കിട്ടേണ്ട ദിവസമായിരുന്നു. മാർച്ച് 23നാണ് സംസ്ഥാന സർക്കാർ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. 
മാർച്ച് 24ന് വാളയാർ വരെ എത്തിയെങ്കിലും അതിർത്തി കടത്തിവിടാൻ ആരും തയ്യാറായിരുന്നില്ല. പിന്നീട് കേന്ദ്ര സർക്കാരും ലോക്ഡൗൺ പ്രഖ്യാപിച്ചു. ചെന്നൈയിലെ ഡോക്ടറെ ബന്ധപ്പെട്ടപ്പോൾ എത്രയും വേഗം എത്തിച്ചേരാൻ ആവശ്യപ്പെട്ടു. കുട്ടികൾക്കായി എമർജൻസി സെക്ഷനിൽ ടെസ്റ്റും ചികിത്സയും കൊടുക്കുന്നുണ്ട് എന്നും അറിഞ്ഞു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എയെ സമീപിക്കുന്നത്. 


കാര്യത്തിലെ ഗൗരവം മനസ്സിലാക്കിയ എം.എൽ.എ ഉടൻതന്നെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും ഫോണിൽ ബന്ധപ്പെടുകയായിരുന്നു. എത്രയും വേഗം കുട്ടിക്ക് ചികിത്സ ലഭ്യമാക്കാൻ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകണമെന്ന സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് അടിയന്തരമായി പേപ്പർ വർക്കുകൾ പൂർത്തിയാക്കി. 
ഇതോടെ നഹ്യാന് ചികിത്സയ്ക്കായുള്ള തടസ്സം നീങ്ങി. ഇന്നലെ രാവിലെ തുടർചികിത്സയ്ക്കായി മാതാവ് ആബിദ, ഉമ്മയുടെ മാതാവ് ഐഷാബി എന്നിവരോടൊപ്പം യാത്ര തിരിച്ചു. ഡ്രൈവർമാരായ സച്ചിൻ, മിഥുൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ എന്നിവരാണ് കൂടെ. അര മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന ക്രയോ തെറാപ്പി ചെയ്ത് ഇന്ന് ഇവർ തൃശൂരിലേക്ക് മടങ്ങും.


 

Latest News