റിയാദ് - ധാർമിക മൂല്യങ്ങൾക്ക് നിരക്കാത്ത നിലക്ക്, ലൈംഗിക പ്രചോദനങ്ങൾ അടങ്ങിയ വാചകങ്ങളോടെ വീഡിയോയിൽ സംസാരിച്ച യുവാവിനെ റിയാദ് പോലീസ് അറസ്റ്ററ്റ് ചെയ്തു. നഗരമധ്യത്തിലെ ബത്ഹ ഡിസ്ട്രിക്ടിലെ വ്യാപാര കേന്ദ്രത്തിനകത്തു വെച്ചാണ് അശ്ലീല സംസാരം അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് യുവാവ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. മുഖ്യ പ്രതിക്കൊപ്പമുണ്ടായിരുന്ന കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിടിയിലായവരെല്ലാവരും യെമനികളാണ്. ഇരുപതു മുതൽ മുപ്പതു വയസ്സ് വരെ പ്രായമുള്ള നുഴഞ്ഞുകയറ്റക്കാരാണ് പിടിയിലായത്. ഇവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി നിയമ നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാകിർ അൽതുവൈജിരി പറഞ്ഞു.