മുംബൈ-മുംബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സുമാരില്‍ ഭൂരിഭാഗത്തിനും രോഗലക്ഷണണങ്ങളില്ല. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ നഴ്‌സിന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. മുംബൈ വൊക്കാര്‍ഡ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച 46 മലയാളി നഴ്‌സുമാരില്‍ 30 പേര്‍ക്കും രോഗലക്ഷണങ്ങളില്ല എന്നതാണ് ആശ്വാസം. പ്രതിരോധമരുന്നുകള്‍ക്ക് രോഗലക്ഷണങ്ങളെ ഇല്ലാതാക്കാന്‍ ആകില്ലെന്നാണ് വിദഗ്ദ അഭിപ്രായമെങ്കിലും എല്ലാവര്‍ക്കും രോഗംപടര്‍ന്ന് തുടങ്ങിയതോടെ മരുന്ന് നല്‍കിയിരുന്നു.
നിലവില്‍ ആരുടേയും നിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി പറയുന്നു. ആശുപത്രി ജീവനക്കാരും രോഗികളുമായ കൂടുതല്‍ പേരുടെ ഫലം ഇനിയും വരാനുണ്ട്. ഇവരുടെ പരിശോധനാഫലം ലഭിച്ചെങ്കില്‍ മാത്രമെ കൂടുതല്‍ നഴ്‌സുമാര്‍ വൈറസ് ബാധിതരായോ എന്ന കാര്യം സ്ഥിരീകരിക്കാനാകൂ.രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറയുന്നതിനിടെയാണ് ആരോഗ്യ പ്രവര്‍ത്തകരും മുംബൈയില്‍ കൂട്ടത്തോടെ രോഗബാധിതരാവുന്നത്.കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലും മലയാളി നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രികള്‍ അടച്ച് പൂട്ടേണ്ടി വരുമെന്ന് ഭയന്ന് സ്വകാര്യ ആശുപത്രികള്‍ നഴ്‌സുമാരെ ക്വാററ്റൈന്‍ ചെയ്യുന്നില്ലെന്ന പരാതിയും നിലവില്‍ ഉയരുന്നുണ്ട്