തിരുവനന്തപുരം- പ്രവാസികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പ്രതിരോധം സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രവാസികള്‍ കൂടുതലുള്ള അഞ്ചു രാജ്യങ്ങളിലാകും ഹെല്പ് ഡെസ്ക് സൗകര്യം ലഭ്യമാകുക. ഈ ഹെല്പ് ഡെസ്ക്കുകളുമായി സഹകരിക്കാന്‍ അതാത് രാജ്യങ്ങളിലെ അംബാസഡര്‍മാരോട് അഭ്യര്‍ഥിച്ചു.
പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കും. ഇതിലൂടെ വീഡിയോ, ഓഡിയോ കോള്‍ വഴി കേരളത്തിലെ ഡോക്ടര്‍മാരുമായി സംസാരിക്കാം. നോര്‍ക്ക വഴി ഇതിനു രജിസ്റ്റര്‍ ചെയ്യാം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രമുഖ ഡോക്ടര്‍മാര്‍ ഈ സേവനം ലഭ്യമാക്കുക. വിവിധ സ്പെഷ്യാലിറ്റികള്‍ ലഭ്യമാണ്.