Sorry, you need to enable JavaScript to visit this website.

മോഡി ടീമിൽ ഒമ്പത് പുതുമുഖങ്ങൾ കേരളത്തിൽനിന്ന് അൽഫോൻസ് കണ്ണന്താനം 

ന്യൂദൽഹി- മലയാളിയായ അൽഫോൻസ് കണ്ണന്താനം അടക്കം ഒമ്പത് പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കണ്ണന്താനത്തിന് പുറമെ, രാജ്യസഭാംഗമായ ശിവ്പ്രതാപ് ശുക്ല, ലോക്‌സഭാംഗങ്ങളായ അശ്വിനികുമാർ ചൗബെ, വിജേന്ദ്രകുമാർ, അനന്ത്കുമാർ ഹെഗ്‌ഡെ, രാജ്കുമാർ സിംഗ്, സത്യപാൽസിംഗ്, ഗജേന്ദ്രസിംഗ് ശെഖാവത്, മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഹർദീപ്് സിംഗ് പുരി എന്നിവർ പുനഃസംഘടനയിൽ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. 
രാവിലെ ഏഴരക്ക് പ്രധാനമന്ത്രിയോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞക്കെത്തുക. അതേസമയം, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് രാത്രിവരെ വിവരമൊന്നും ലഭിച്ചില്ലെന്ന് മൂന്നു ഘടകകക്ഷികൾ പരസ്യമായി പറഞ്ഞത് കല്ലുകടിയായി. 
2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള മുഖം മിനുക്കലായി വിശേഷിപ്പിക്കപ്പെടുന്ന മന്ത്രിസഭാ അഴിച്ചുപണി പൂർണമായും മന്ത്രിമാരുടെ പ്രകടനത്തിന്റേയും കാര്യശേഷിയുടേയും അടിസ്ഥാനത്തിലാണെന്നാണ് സർക്കാർവൃത്തങ്ങൾ പറയുന്നത്. ഒപ്പം ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളും പരിഗണിക്കും. പുനഃസംഘടനക്ക് വഴിയൊരുക്കുന്നതിനായി ആറു മന്ത്രിമാർ രാജിവെച്ചൊഴിഞ്ഞിട്ടുണ്ട്. 
മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ജനതാദൾ നേതാവ് നിതീഷ് കുമാർ പറഞ്ഞു. ര മന്ത്രിമാർ ജെ.ഡി.യുവിൽനിന്ന് ഉൾപ്പെടുമെന്ന വാർത്തകൾക്കിടെയാണ് നിതീഷിന്റെ പ്രസ്താവന. തങ്ങളുടെ എം.പിമാരെല്ലാം ദൽഹിയിലുണ്ട്. പുനഃസംഘടനയെക്കുറിച്ച് മാധ്യമങ്ങളിൽനിന്ന് മാത്രമാണ് അറിഞ്ഞതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പരിഭവിച്ചു. അഴിച്ചുപണിയെക്കുറിച്ച് അറിയില്ലെന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും പറഞ്ഞു. തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെയിൽനിന്ന് മന്ത്രിമാരെ ഉൾപ്പെടുത്തുമോ എന്ന കാര്യം വ്യക്തമല്ല. തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വംകാരണം ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്.
വരാണസിയിൽ മോഹൻ ഭാഗവത് അടക്കമുള്ള ആർ.എസ്.എസ് നേതാക്കളുമായുള്ള ചർച്ചക്ക് ശേഷം ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഇന്നലെ വൈകിട്ട് ദൽഹിയിൽ തിരിച്ചെത്തി കൂടുതൽ ചർച്ചകൾ നടത്തി.
-മികച്ച പ്രകടനം കാഴ്ചവെച്ച മന്ത്രിമാർക്ക് മികച്ച വകുപ്പുകൾ നൽകിയേക്കും. നിയമമന്ത്രി രവിശങ്കർ പ്രസാദ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, പെട്രോളിയം മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയവർ പ്രധാനമന്ത്രിയുടെ ഗുഡ്ബുക്കിലുണ്ട്. ഒഴിവാക്കപ്പെട്ട മന്ത്രിമാർക്ക് സംഘടനാ ചുമതലകൾ നൽകും. ചിലരെ ഗവർണർമാരായി നിയമിക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രിയടക്കം 73 അംഗങ്ങളാണ് ഇപ്പോൾ കേന്ദ്രമന്ത്രിസഭയിലുള്ളത്. ചട്ടപ്രകാരം പരമാവധി 81 അംഗങ്ങൾ വരെയാകാം.
 

Latest News