ന്യൂദൽഹി- 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഞായറാഴ്ച നടക്കും. നിലവിലെ മന്ത്രിമാരിൽ ചിലരുടെ വകുപ്പ് മാറ്റം ഉൾപ്പെടെ പത്തിലേറെ പുതിയ മന്ത്രിമാർക്ക് പ്രധാമന്ത്രി നരേന്ദ്ര മോഡി അവസരം നൽകുമെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രപതി ഭവനിൽ ഞായറാഴ്ച രാവിലെ 10 മണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. പുനസ്സംഘടനയുടെ മുന്നോടിയായി ബിജെപി അധ്യക്ഷൻ അമിത് ഷാ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. യു.പിയിലെ വൃന്ദാവനിൽ നടന്ന ആർ.എസ്.എസിന്റേയും സംഘപരിവാർ സംഘടനകളുടേയും യോഗത്തിനു ശേഷമാണ് ഷാ ഭാഗവതുമായി രണ്ടു മണിക്കൂർ നീണ്ട ചർച്ച നടത്തിയത്. മുതിർന്ന ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.
2016ൽ നടത്തിയ പുനസംഘടനയ്ക്കു ശേഷം മോഡി മന്ത്രിസഭയിൽ 78 അംഗങ്ങളാണുണ്ടായിരുന്നത്. നിലവിൽ മന്ത്രിസഭാംഗങ്ങളായ രാജീവ് പ്രതാപ് റൂഡി, സഞ്ജീവ് ബൽയാൻ, ഫഗൻ സിഹ് കുലസ്‌തെ, കൽരാജ് മിശ്ര, മഹേന്ദ്രനാഥ് പാണ്ഡെ, ബന്ദാരു ദത്തത്രേയ എന്നിവർ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രാജിവച്ചിരുന്നു. അതേസമയം ഉമാ ഭാരതി താൻ രാജിവച്ചതായുള്ള വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളായ കർണാടക, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് പുതുതായി മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മുതിർന്ന മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നും സൂചനകളുണ്ട്. മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായ ശേഷം ഒഴിഞ്ഞ പ്രതിരോധ മന്ത്രി പദവിയിൽ പുതിയ ആളെത്തും. ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് ഇപ്പോൾ ഈ വകുപ്പു നോക്കുന്നത്. തുടർച്ചയായ ട്രെയിൻ അപകടങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് നേരത്തെ രാജിക്കൊരുങ്ങിയ റെയിൽവെ മന്ത്രി സുരേഷ് പ്രഭുവിന് പുതിയ വകുപ്പ് നൽകുമെന്ന് റിപ്പോർട്ടുണ്ട്.
പ്രധാമന്ത്രി നേരിട്ട് നേതൃത്വം നൽകുന്ന പുനസംഘടനയിൽ ഈയിടെ ബി.ജെ.പി സഖ്യത്തിലേക്കു വന്ന ജെഡിയുവിന് പ്രാതിനിധ്യം നൽകുന്നതു സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ജെ.ഡി.യുവിനെ കൂടാതെ അണ്ണാ ഡി.എം.കെ.യ്ക്കും പുനസ്സംഘടനയിൽ ഇടം ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും പാർട്ടിക്കുള്ളിലെ അധികാരത്തർക്കങ്ങൾ കാരണം ഇതും അനിശ്ചിതത്വത്തിലാണ്. പാർട്ടി എം.പിമാരെല്ലാം ദൽഹിയിലുണ്ടെന്നും പുനസ്സംഘടനയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജെ.ഡി.യു നേതാവ് പറഞ്ഞു. തങ്ങൾക്കും ഇതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ബി.ജെ.പി സഖ്യകക്ഷികളായ ശിവസേനയും വ്യക്തമാക്കി.