ഭോപ്പാൽ- കയറിൽ കുരുങ്ങിക്കിടന്ന പശുക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചത്തതിന് മധ്യവയസ്‌ക ഒരാഴ്ച പിച്ച തെണ്ടണമെന്ന് ജാതി പഞ്ചായത്തിന്റെ വിധി. മധ്യപ്രദേശിലെ ഭിണ്ഡിലാണ് സംഭവം. ഒരാഴ്ച്ച ഭിക്ഷയാചിച്ച് ലഭിക്കുന്ന പണം ഉപയോഗിച്ച് ഗംഗാ നദിയിൽ പോയി മുങ്ങി പാപമുക്തി നേടാനാണ് നാട്ടുകോടതിയുടെ വിധി. 50 വയസ്സിലേറെ പ്രായമുള്ള കമലേഷ് ശ്രിവാസയാണ് ശിക്ഷിക്കപ്പെട്ടത്. സ്വന്തം പശുക്കുട്ടി അപകടത്തിൽപെട്ട് ചത്തതിന് കമലേഷ് ബിണ്ഡ് പട്ടണത്തിനു പുറത്ത് ഗ്രാമങ്ങളിൽ ഏഴു ദിവസം പിച്ച തെണ്ടി അലയണം. വെള്ളിയാഴ്ച രാവിലെയാണ് അബദ്ധത്തിൽ പശുക്കുട്ടി ചത്തത്. മണിക്കൂറുകൾക്കകം തന്നെ നാട്ടു കോടതി ചേർന്ന് ശിക്ഷ വിധിക്കുകയായിരുന്നു.
തള്ള പശുവിന്റെ കയർ പശുക്കിടാവിന്റെ കഴുത്തിൽ കെട്ടിക്കുരുങ്ങിയത് അഴിക്കുന്നതിനിടെയാണ് പശുക്കുട്ടി ചത്തതെന്ന് കമലേഷ് പറയുന്നു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. ഈ വാർത്ത പരന്നതോടെ 10 മണിക്ക് നായ് സമുദായത്തിന്റെ നേതൃത്വത്തിൽ നാട്ടുകോടതി ചേർന്ന് ശിക്ഷ വിധിക്കുകയായിരുന്നു. പ്രദേശത്തെ നഗരസഭാ കൗൺസിലർ ശിക്ഷയെ എതിർത്തെങ്കിലും ഫലമുണ്ടായില്ല.