ജിദ്ദ - ക്ലോസറ്റിലെ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി ഭാര്യക്കു നൽകുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സ്നാപ് ചാറ്റിലൂടെ പുറത്തു വിടുകയും ചെയ്ത സാമൂഹിക മാധ്യമ സെലിബ്രിറ്റി ഹാനി അൽഹൽവാനിയെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. കോമഡിക്കു വേണ്ടിയാണ് യുവാവ് ക്ലോസറ്റിലെ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി ഭാര്യക്ക് നൽകിയത്. ക്ലിപ്പിംഗ് പ്രചരിച്ചതോടെ യുവാവിനെതിരെ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ പ്രതിഷേധവുമായി രംഗത്തെത്തി.
യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യവും ശക്തമായി. ഹാനി അൽഹൽവാനിയുടെ ഫോളോവേഴ്സിൽ ഭൂരിഭാഗവും കൗമാരക്കാരാണ്. ഇയാളെ അനുകരിച്ച് ഇവരും ക്ലോസറ്റുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി മറ്റുള്ളവർക്കു നൽകാൻ സാധ്യതയുണ്ടെന്നും അത് വലിയ അപകടമായി മാറിയേക്കാമെന്നും സാമൂഹിക മാധ്യമ ഉപയോക്താക്കൾ മുന്നറിയിപ്പ് നൽകി. സംഭവം ശ്രദ്ധയിൽ പെട്ട് വൈകാതെ പ്രതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹാനി അൽഹൽവാനി പിന്നീട് മറ്റൊരു ക്ലിപ്പിംഗിൽ പ്രത്യക്ഷപ്പെട്ട് കോമഡിക്കു വേണ്ടിയാണ് താൻ ഭാര്യക്ക് ക്ലോസറ്റിലെ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി നൽകിയതെന്നും ഭാര്യ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ആദ്യത്തെ ക്ലിപ്പിംഗ് തന്റെ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തതായും അറിയിച്ചിരുന്നു.