ന്യൂദല്‍ഹി-കൊറോണ വൈറസ് വ്യാപനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വന്‍ ഭീഷണിയായിരിക്കുന്ന വേളയില്‍ പ്രധാനമന്ത്രി മോഡിക്ക് കത്ത് അയച്ച് ഡോക്ടര്‍മാരുടെ സംഘടന. കൊറോണയെ നേരിടാന്‍ ആവശ്യമായ പിപിഇ,ടെസ്റ്റ്കിറ്റുകള്‍,ക്വാറന്റൈന്‍ സംവിധാനങ്ങളുമാണ് ഇപ്പോള്‍ വേണ്ടത് അല്ലാതെ നിങ്ങളടെ കൈയ്യടികളല്ലെന്നാണ് ഡോക്ടര്‍മാര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ പ്രതികാര നടപടിയാണ് അധികൃതര്‍ സൂചിപ്പിക്കുന്നതെന്നും ഡോക്ടര്‍മാരുടെ സംഘടന പറയുന്നു.
2500 ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനും എയിംസുമാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ദിനംപ്രതി നിരവധി പരാതികളാണ് ലഭിക്കുന്നത്. അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ചോദിക്കുന്നതിന് ആശുപത്രി മാനേജ്‌മെന്റുകള്‍ ആരോഗ്യപ്രവര്‍ത്തകരെ അപമാനിക്കുകയാണ്. എയിംസില്‍ പോലും നഴ്‌സുമാരും ഡോക്ടര്‍മാരും ഗുണനിലവാരമില്ലാത്ത പിപിഇ ആണ് ഉപയോഗിക്കുന്നത്. കൊറോണ ആരോഗ്യപ്രവര്‍ത്തകരിലേക്കും വ്യാപിക്കുന്നതിനിടെ ഇത്തരം അനാസ്ഥ കാരണം വലിയ ആശങ്കയാണ് നേരിടുന്നത്. താമസസൗകര്യം പോലും ഇല്ലാതെയാണ് ഇവര്‍ കഷ്ടപ്പെടുന്നത്. ഇതൊക്കെ ചോദ്യം ചെയ്താല്‍ പിന്നെ സഹിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് ആര്‍ഡിഎ ജനറല്‍ സെക്രട്ടറി ഡോ.ശ്രീനിവാസ് രാജ്കുമാര്‍ പറഞ്ഞു.
തങ്ങള്‍ക്ക് കൈയ്യടിയോ നന്ദി പറച്ചിലോ അല്ല വേണ്ടത്. ദയവായി ഞങ്ങളുടെ അവകാശങ്ങളെയും ശബ്ദങ്ങളെയും ഇല്ലാതാക്കാതിരുന്നാല്‍ മാത്രം മതി. അത് മാത്രമാണ് ഏറ്റവും കുറഞ്ഞത് നിങ്ങള്‍ക്ക് ആരോഗ്യമേഖലയിലുള്ളവരോട് ചെയ്യാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അമ്പതില്‍പരം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രാജ്യത്ത് കൊറോണ ബാധിച്ചിട്ടുള്ളത്. മതിയായ പ്രതിരോധ സംവിധാനങ്ങളില്ലാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണയ്ക്ക് എതിരെ പോരാടുന്നത്.