ന്യൂദല്‍ഹി- രോഗികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും കര്‍ണാടകയും തമ്മിലുണ്ടായിരുന്ന പ്രശ്‌നം പരിഹരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
നിലവില്‍ പ്രശ്‌നമില്ലെന്നും രോഗികളെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിന് മാര്‍ഗരേഖ തയ്യാറാക്കിയെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തുഷാര്‍മേത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്.
രോഗികളെ കൊണ്ടുപോകാന്‍ മാര്‍ഗ രേഖയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. കേരള, കര്‍ണാടക സര്‍ക്കാരുകളുടെ അഭിഭാഷകര്‍ വാദത്തെ എതിര്‍ത്തതുമില്ല. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീര്‍പ്പാക്കിയതായി സുപ്രീം കോടതി അറിയിച്ചു. കൊറോണ ബാധിതരല്ലാത്ത രോഗികള്‍ അവര്‍ നേരത്തെ തന്നെ മംഗളൂരുവില്‍ ചികിത്സ നടത്തിയിരുന്നവരാണെങ്കില്‍ അതിര്‍ത്തി കടത്തിവിടാമെന്നാണ് ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണ.
കോവിഡ് ബാധിതരല്ലാത്തവര്‍ക്ക് മംഗളൂരുവില്‍ ചികിത്സക്ക് പോകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.