Sorry, you need to enable JavaScript to visit this website.

നിസാമുദ്ദീൻ സമ്മേളനത്തിൽ  പങ്കെടുത്ത ഉമ്മക്കും മകനുമെതിരെ കേസ്

യാത്രാ വിവരം അധികൃതരോട് മറച്ചുവെച്ചു

പാലക്കാട്- പട്ടാമ്പിക്കടുത്ത് കുലുക്കല്ലൂരിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ഉമ്മക്കും മകനുമെതിരേ പോലീസ് കേസെടുത്തു. കുല്ലുക്കല്ലൂർ പഞ്ചായത്തിലെ പുറമത്രയിൽ താമസിക്കുന്ന ഇവർക്കെതിരേ യാത്രാവിവരങ്ങൾ മറച്ചു വെച്ചതിനും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാത്തതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ച് 13 ന് നിസാമുദ്ദീനിൽനിന്ന് തിരിച്ചുവന്ന ഇരുവരുടേയും രക്തസാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്. ഇവർ ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്. ഇരുവരുടേയും സമ്പർക്കപ്പട്ടിക തയാറാക്കാനുള്ള ശ്രമവും നടന്നുവരുന്നു. 
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മാർച്ച് എട്ടിന് കേരളാ എക്‌സ്പ്രസിൽ യാത്ര തിരിച്ച ഇരുവരും 13 ന് സമ്മേളനം കഴിഞ്ഞപ്പോൾ ട്രെയിനിൽ തന്നെ മടങ്ങുകയും ചെയ്തു. മാർച്ച് 22, 25 ദിവസങ്ങളിലായി ഉദ്യോഗസ്ഥരും ആശാ വർക്കർമാരും ഇവരുടെ വീട് സന്ദർശിച്ചുവെങ്കിലും യാത്രയുടെ വിവരം ഇവർ അവരിൽ നിന്നെല്ലാം മറച്ചുവെച്ചു. നിസാമുദ്ദീനിലെ സമ്മേളനങ്ങൾ വാർത്താ കേന്ദ്രമായ സമയത്ത് അവയിൽ പങ്കെടുത്തവർ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇവർ റിപ്പോർട്ട് ചെയ്തില്ല. ഈ മാസം ഒന്നിന് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അമ്മയും മകനും മുളയങ്കാവ് ഫെഡറൽ ബാങ്ക് ശാഖയിലെത്തി. ഇവരുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് മാർച്ച് 13 ന് നിസാമുദ്ദീനിൽ വെച്ച് പണം പിൻവലിച്ച വിവരം ബാങ്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടു. അവർ അത് മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 
തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ ഉമ്മയും മകനും പരസ്പര വിരുദ്ധമായ മറുപടികളാണ് പറഞ്ഞത്. വിവരം അന്വേഷിച്ചെത്തിയ പഞ്ചായത്ത് മെമ്പറിൽനിന്നും അവർ കാര്യങ്ങൾ മറച്ചു വെച്ചു. കൂടുതൽ അന്വേഷണങ്ങൾ നടന്നതോടെ ഇരുവരും യാത്രയെക്കുറിച്ചുള്ള കാര്യങ്ങൾ തുറന്നു സമ്മതിക്കുകയായിരുന്നു. 
അമ്മയുടേയും മകന്റേയും സമ്പർക്കപ്പട്ടിക തയാറാക്കാനുള്ള നെട്ടോട്ടത്തിലാണ് ആരോഗ്യ വകുപ്പ്. ഇവർ മുളയങ്കാവ് ഫെഡറൽ ബാങ്ക് ശാഖക്ക് പുറമേ ചെർപ്പുളശ്ശേരി എസ്.ബി.ഐ ശാഖ, മുളയങ്കാവിലെ പി.വി.ക്ലിനിക്ക്, നെല്ലായയിലെ അക്ഷയകേന്ദ്രം, പഞ്ചായത്ത് ഓഫീസ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം എത്തിയിട്ടുണ്ട്.
 

Latest News