കുവൈത്ത് സിറ്റി- കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടിയായി കുവൈത്ത് ജനസാന്ദ്രതയുള്ള രണ്ട് ജില്ലകള്‍ പൂര്‍ണമായും പൂട്ടിയിടുകയും പൊതു അവധി രണ്ടാഴ്ച നീട്ടി ഏപ്രില്‍ 26 വരെ ആക്കുകയും ചെയ്തതായി മന്ത്രിസഭ അറിയിച്ചു.
ഭാഗിക കര്‍ഫ്യൂ രണ്ട് മണിക്കൂര്‍കൂടി നീട്ടി. വൈകിട്ട് അഞ്ചുമുതല്‍ രാവിലെ ആറ് വരെയായിരിക്കും ഇനി മുതല്‍ കര്‍ഫ്യൂ. കര്‍ഫ്യൂ അല്ലാത്ത സമയങ്ങളില്‍ പോലും വീടിനുള്ളില്‍ തന്നെ തുടരണമെന്ന് ആഭ്യന്തരമന്ത്രി ആളുകളോട് അഭ്യര്‍ഥിച്ചു.
കുവൈത്തില്‍ ഇതുവരെ 665 കൊറോണ വൈറസ് കേസുകളും ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.
അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ളവക്ക് മാര്‍ച്ച് 12 മുതല്‍ രണ്ടാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഏപ്രില്‍ 26 വരെ അവധിയില്‍ തുടരുമെന്ന് തിങ്കളാഴ്ച മന്ത്രിസഭ അറിയിച്ചു.
പ്രവാസി തൊഴിലാളികള്‍ തിങ്ങി താമസിക്കുന്ന വന്‍തോതില്‍ ജനവാസമുള്ള ജലീബ് അല്‍ഷൂയൂഖ്, മബ്്ബൂല എന്നിവിടങ്ങളിലാണ് പൂര്‍ണ കര്‍ഫ്യൂ.
രണ്ട് പ്രദേശങ്ങളും ഒറ്റപ്പെടുത്താനുള്ള തീരുമാനം അവിടെയുള്ള എല്ലാവരേയും പരിരക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമാണ്. അതിനാല്‍ ഇത് മറ്റ് മേഖലകളെ ബാധിക്കില്ലെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കുന അറിയിച്ചു.
ആറംഗ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളില്‍ ഏകദേശം 8,000 അണുബാധകളും 60 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.