Sorry, you need to enable JavaScript to visit this website.

ഗൊരഖ്പൂര്‍ കൂട്ടമരണം: ഓക്‌സിജന്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു

ലക്‌നൗ- ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളെജിലെ കൂട്ടികളുടെ കൂട്ട മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വാര്‍ഡിന്റെ ചുമതല വഹിച്ചിരുന്ന ഡോ. കഫീല്‍ ഖാനെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 10, 11 തിയകളില്‍ 30 ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സംഭവ ദിവസം സ്വാകാര്യ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ സ്വന്തം പണമെടുത്ത് ഓക്‌സിജന്‍ എത്തിച്ച് നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഡോ. കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

സംഭവത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ആര്‍ കെ മിശ്രയോടൊപ്പം ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോ. ഖാനെ കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഗൊരഖ്പൂരിലെ കഫീല്‍ ഖാന്റെ വീട്ടിലെത്തിയ പോലീസ് 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടിരുന്നു. ഈ സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ഹാജരായില്ലെങ്കില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഗൊരഖ്പൂരിലെ തന്നെ ഒരു ബന്ധുവീട്ടില്‍ നിന്നും പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 

സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ഓക്‌സിജന്‍ വിതരണ ഏജന്‍സി ബിആര്‍ഡി ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലാണ് കുട്ടികളുടെ കൂട്ടമരണമുണ്ടായത്. ഇതിനിടെ താന്‍ രണ്ടുദിവസത്തിനിടെ 250-ഓളം ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ച് നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചതായി കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു. 

ജപ്പാന്‍ ജ്വരം മൂര്‍ച്ഛിച്ചാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ്യം. ഓക്‌സിജന്‍ വിതരണം മുടങ്ങിയത് പകല്‍ പോലെ സത്യമാണെങ്കിലും സര്‍ക്കാര്‍ ഇതംഗീകരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. സംഭവുവമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴു ജീവനക്കാരേയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. പ്രിന്‍സിപ്പല്‍ ആര്‍ കെ മിശ്രയേയും ഭാര്യയേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Latest News