കണ്ണൂർ - കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടതികളിലെ ജാമ്യത്തുക മുതൽ മോട്ടോർ വാഹന പിഴ തുക വരെ. പരമാവധി തുക സമാഹരിക്കുക എന്ന ലക്ഷ്യമിട്ടാണീ നടപടി.
കോടതികളിലേത് ഉൾപ്പെടെ എല്ലാ പിഴത്തുകകളും ഇനി മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കാവും ചെല്ലുക. കോവിഡ് ബാധയെത്തുടർന്ന് ലോക് ഡൗൺ തുടരുമ്പോൾ കോടതികളിൽ വീഡിയോ കോൺഫറൻസിംഗ് സംവിധാനം വഴിയാണ് ജാമ്യാപേക്ഷ അടക്കം പരിഗണിക്കുന്നത്.
ജാമ്യാപേക്ഷയിൽ കെട്ടിവെക്കേണ്ടി വരുന്ന എല്ലാ തുകയും ഈ ഫണ്ടിലേക്കാണ്. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് ചാമ്പാട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ജാമ്യം അനുവദിക്കാനായി രണ്ട് ലക്ഷം രൂപ കെട്ടി വെച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. ഈ കേസിൽ 41 കൊല്ലത്തിനു ശേഷമാണ് പ്രതി പിടിയിലായത്. റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ നേരത്തെ രണ്ടു തവണ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മൂന്നാമത്തെ ജാമ്യാപേക്ഷ വീഡിയോ കോൺഫറൻസ് വഴി ജില്ലാ ജഡ്ജി പരിഗണിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ പ്രതിയുടെ അഭിഭാഷകനുമായി നടത്തിയ വാദം കേട്ടതിന് ശേഷമാണ് കോടതി രണ്ട് ലക്ഷം രൂപ തുകയിൽ ജാമ്യം അനുവദിച്ചത്. എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിലെ മട്ടന്നൂരിലെ സി.പി.എം കാരനായ പ്രതി ജാമ്യത്തിനായി അപേക്ഷിച്ചപ്പോൾ ഇരുപതിനായിരം രൂപ ഈടാക്കിയാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. ഈ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
ലോക് ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത ആയിരക്കണക്കിന് വാഹനങ്ങൾ പോലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുകയാണ്. ലോക് ഡൗൺ അവസാനിച്ച് പതിനഞ്ചാം തീയതി മുതൽ വാഹനങ്ങൾ കനത്ത പിഴ ചുമത്തി വിട്ടുനൽകും. 5000 രൂപ മുതൽ 20,000 രൂപ വരെയാണ് പിഴ ഈടാക്കുക. തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും.