മലപ്പുറം -ലോക്ഡൗൺ കാലാവധിക്കു ശേഷം നാട്ടിൽ മടങ്ങിയെത്തുന്നവരെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സർക്കാർ തീരുമാനം. പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും സുരക്ഷിതത്വം കണക്കിലെടുത്താണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അറിയിച്ചു. ഇക്കാലയളവിൽ നാട്ടിലേക്ക് മടങ്ങി വരുന്നവർ അധികം ലഗേജുകൾ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. പണം നൽകിയും സൗജന്യമായും താമസിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളോടു കൂടിയ ഐസൊലേഷൻ കേന്ദ്രങ്ങളാണ് ജില്ലയിൽ സജ്ജീകരിക്കുന്നത്. പ്രവാസികൾക്ക് അവരുടെ താൽപര്യപ്രകാരം ഇതു തെരഞ്ഞെടുക്കാം. അതേ സമയം ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും എത്തുന്നവർക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൊറോണ കെയർ കേന്ദ്രങ്ങളൊരുക്കും. മെയ് അവസാനം വരെ ആരാധനാലയങ്ങളിൽ ജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനും ജില്ലാ ഭരണകൂടം ഇടപെടും.
ഇതിന് മുന്നോടിയായി മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയിൽ ഏപ്രിൽ 11 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മത സമുദായിക നേതാക്കളുടെ യോഗം ചേരും. സംഘടനകളുടെ ജില്ലാ നേതാക്കളിൽ ഒരാൾ മലപ്പുറത്തും പ്രാദേശിക ഭാരവാഹികൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് മുഖേനയും യോഗത്തിൽ പങ്കെടുക്കും. നിസാമുദ്ദീൻ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നിയന്ത്രണം. ജി.പി.എസ് സംവിധാനം ഘടിപ്പിച്ച വാഹനങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജലവിതരണം നടത്തും. കാന്റീനുകൾ ഇല്ലാത്ത സർക്കാർ ആശുപത്രികളിലെത്തുന്നവർക്കും ചികിത്സയിൽ കഴിയുന്നവർക്കും മിതമായ നിരക്കിൽ കുടുംബശ്രീ പ്രവർത്തകർ ഭക്ഷണം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.