പട്‌ന- ഗോഡൗണുകളില്‍ സൂക്ഷിച്ച മദ്യം എലികള്‍ കുടിച്ചു വറ്റിച്ചെന്ന ബിഹാര്‍ സര്‍ക്കാരിന്റെ വിചിത്ര വാദത്തിനു ശേഷം എലികള്‍ പ്രതികളായ മറ്റൊരു കുറ്റം കൂടി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നു. ബിഹാറില്‍ 500-ലേറെ പേരുടെ മരണത്തിനിടയാക്കുകയും 24 വടക്കന്‍ ജില്ലകളിലെ ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്ത വെള്ളപ്പൊക്ക ദുരന്തത്തിന്റെ ഉത്തരവാദിത്തവും എലികളുടെ തലയില്‍ കെട്ടിവച്ചാണ് വകുപ്പു മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. എലികള്‍ നദികളിലെ തടയിണകള്‍ തുരന്നതാണ് കടുത്ത പ്രളയത്തിനിടയാക്കിയതെന്ന് ജലവിഭവ വകുപ്പു മന്ത്രി രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു. പ്രളയ ദുരിതത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങളെ വിലയിരുത്തവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
'എലികളാണ് തടയിണകളിലുണ്ടായ ചോര്‍ച്ചയ്ക്ക് മുഖ്യ കാരണം. പ്രത്യേകിച്ച കമല ബലന്‍ നദിയില്‍. തടയിണകള്‍ക്കു സമീപം താല്‍ക്കാലിക മുളക്കൂട് കെട്ടിയാണ് പ്രദേശവാസികള്‍ ധാന്യങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് എലികളെ ആകര്‍ഷിക്കുന്നു. ഇതിനായി തടയിണകള്‍ തുരന്നാണ് എലികളെത്തുന്നത്. തടയിണകള്‍ക്ക് തുളകള്‍ വീണതോടെ ചോര്‍ച്ചയും പ്രളയവുമുണ്ടായി,' മന്ത്രി പറഞ്ഞു. തടയിണകളിലെ ഈ തുളകള്‍ 72 മണിക്കൂറിനുള്ളില്‍ തന്നെ അടച്ചതായും അദ്ദേഹം പറഞ്ഞു.
ചെറുകിട ജലസേചന, ദുരന്ത നിവാരണ വകുപ്പു മന്ത്രി ദിനേഷ് ചന്ദ്ര യാദവും ഇതേ അഭിപ്രായക്കാരനാണ്. 'എലികള്‍ തടയിണകള്‍ തുരന്ന് പ്രളയത്തിനിടയാക്കുന്നത് ഏറെ കാലമായുള്ള ഒരു പ്രശ്‌നമാണ്. ഇതിനെന്തു ചെയ്യും. ഒരിടത്തു നിന്നും എലികളെ എന്നെന്നേക്കുമായി തുരത്തിയിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും അവകാശപ്പെടാനാകുമോ? പുകയിട്ടു കൊതുകുകളെ തുരത്തിയ ശേഷം വീണ്ടും കൊതുകള്‍ അവിടെ പ്രത്യക്ഷപ്പെടുന്ന പോലെയാണിതും, ' അദ്ദേഹം പറഞ്ഞു.
മദ്യം കുടിച്ചു വറ്റിച്ചതും ധാന്യങ്ങള്‍ തിന്നു തീര്‍ത്തതും എലികളുടെ തലയില്‍കെട്ടിവച്ച സര്‍ക്കാര്‍ ഇപ്പോള്‍ പ്രളയത്തിന്റെ ഉത്തരവാദിത്തവും എലികളുടെ മേലിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.