ന്യൂഡല്‍ഹി- നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്കുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. വില്‍പ്പനയ്ക്കു രൂപരേഖയുണ്ടാക്കാനായി മന്ത്രിസഭാ സമിതി പുതിയ ഉപദേശകനെ നിയമിച്ചു. പ്രാരംഭ നടപടികള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തുടങ്ങും. എയര്‍ ഇന്ത്യ വില്‍പ്പനയ്ക്ക് നേരത്തെ കേന്ദ്ര മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. എയര്‍ ഇന്ത്യയിലെ സര്‍ക്കാരിന്റെ ഓഹരി എത്രത്തോളം വില്‍ക്കാം എന്നതു സംബന്ധിച്ചായിരിക്കും ഉപദേശകന്റെ സുപ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഭൂരിഭാഗം ഓഹരികളും വില്‍ക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എയര്‍ ഇന്ത്യയെ പൂര്‍ണമായും വിറ്റൊഴിവാക്കുന്നതാണ് നല്ലതെന്ന നിര്‍ദേശവും പലകോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
60,000 കോടി രൂപയുടെ ഭാരിച്ച കടമാണ് എയര്‍ ഇന്ത്യയുടേത്. വില്‍പ്പന നടത്തുമ്പോള്‍ ഈ കടബാധ്യതയായിരിക്കും ഇടപാടിലെ മുഖ്യ കല്ലുകടി. മൊത്തം കടത്തില്‍ നിന്നും 30,000 കോടി രൂപ എഴുതിത്തള്ളി വില്‍പ്പന ആകര്‍ഷകമാക്കണമെന്ന് നിതി ആയോഗ് നേരത്തെ നിര്‍ദേശിച്ചിരുന്നു. നഷ്ടം കുറക്കാനുള്ള വഴികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നോക്കിക്കൊണ്ടിരിക്കുന്നത്. വില്‍പ്പനയ്ക്ക് വിഘാതമാകുന്ന കടബാധ്യത കൈകാര്യം ചെയ്യാന്‍ പലമാര്‍ഗങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പുതുതായി നിയമിച്ച ഉപദേശകന്‍ ഈ വഴികള്‍ പരിശോധിച്ച് സര്‍ക്കാരിന്റേയും വാങ്ങുന്നവരുടേയും താല്‍പ്പര്യം പരിഗണിച്ച് മികച്ചത് നിര്‍ദേശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
വിമാനങ്ങള്‍ വാങ്ങിയ ഇനത്തിലാണ് 22,000 കോടി രൂപയുടെ കടം എയര്‍ ഇന്ത്യയ്ക്കുണ്ടായത്. പ്രവര്‍ത്തന മൂലധന വായ്പ ഇനത്തില്‍ 8,000 കോടി രൂപയുടെ ബാധ്യതയുമുണ്ട്. ബാക്കി വരുന്ന 30,000 ഓളം കോടി രൂപ ദീര്‍ഘ കാല വായ്പാ ബാധ്യതകളാണ്. വില്‍പ്പനയിലെ ഏറ്റവും വലിയ കല്ലുകടിയും ഇതാണ്. ഓഹരിവില്‍പ്പനയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭൂമിയും കെട്ടിടവും ഒഴിവാക്കാനുള്ള വഴികളും സര്‍ക്കാര്‍ തേടുന്നുണ്ട്. ഈ വസ്തുവകകള്‍ പുതിയൊരു കമ്പനി രൂപീകരിച്ച് അതിലേക്ക് മാറ്റാമെന്ന നിര്‍ദേശവും നിതി ആയോഗ് മുന്നോട്ട് വച്ചിരുന്നു.