ലഖ്‌നൗ- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദീപം കത്തിക്കല്‍ ഐക്യദാര്‍ഢ്യത്തിന് ഉത്തര്‍പ്രദേശിലെ ബിജെപി മഹിളാ നേതാവ് പിന്തുണ അര്‍പ്പിച്ചത് ആകാശത്തേക്ക് വെടിയുതിര്‍ത്ത്. കൊറോണ വൈറസിനെ നേരിടാന്‍ റിവോള്‍വര്‍ ഉപയോഗിച്ച് ആകാശത്തിലേക്ക് വെടിയുതിര്‍ത്ത വീഡിയോ ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.ബല്‍റാംപൂരിലെ ബിജെപി മഹിളാ നേതാവ് മഞ്ജു തീവാരിയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വെടിയുതിര്‍ക്കുന്ന വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നേതാവിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ആളുകള്‍ നടത്തിയത്. അവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി.
ഉത്തര്‍പ്രദേശില്‍ വെടിയുതിര്‍ത്തുള്ള ആഘോഷങ്ങള്‍ നിയമവിരുദ്ധമാണെന്നും ജനങ്ങള്‍ പറയുന്നു. മഞ്ജുതീവാരി തന്റെ ഭര്‍ത്താവ് ഓംപ്രകാശിന്റെ തോക്ക് എടുത്ത് ആകാശത്തേക്ക് അലക്ഷ്യമായി വെടിയുതിര്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആദ്യം തന്റെ വീടിന്റെ ടെറസില്‍ ദീപം തെളിയിച്ച ശേഷമാണ് വെടിയുതിര്‍ത്തത്. ഇക്കാര്യം അവരുടെ ഭര്‍ത്താവ് തന്നെ വീഡിയോയില്‍ പറയുന്നുമുണ്ട്. 'ദീപം കത്തിച്ച് വെച്ചതിന് ശേഷം കൊറോണ വൈറസിനെ ഇല്ലാതാക്കി'യെന്ന് അവര്‍ വീഡിയോക്ക് തലക്കെട്ട് നല്‍കി.ബിജെപി നേതാവിനെതിരെ ഐപിസി 286,30 വകുപ്പുകള്‍ ചുമത്തി കേസ് രജിസ്ട്രര്‍ ചെയ്തതായി കൊത്വാളി നഗര്‍ പോലിസ് അറിയിച്ചു.