ന്യൂദല്‍ഹി- രാഷ്ട്രീയത്തിലിറങ്ങിയ ഡോക്ടര്‍മാര്‍ കോവിഡ് പശ്ചാത്തലത്തില്‍ വീണ്ടും വെള്ളക്കോട്ടും സ്‌റ്റെതസ്‌കോപ്പുമണിഞ്ഞ് രംഗത്ത്.
പരിശീലനം നേടിയ ഡോക്ടര്‍മാരുടെ ക്ഷാമം കണക്കിലെടുത്ത് പട്ടാളത്തില്‍നിന്ന് വിരമിച്ച ഡോക്ടര്‍മാര്‍ വീണ്ടും സേവനരംഗത്തിറങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഈ ആഹ്വാനത്തിനാണ് രാഷ്ട്രീയക്കാരായ ഡോക്ടര്‍മാരും ചെവി കൊടുത്തത്.
ബി.ജെ.പി നേതാവും നോയിഡയിലെ കൈലാസ് ഹോസ്പിറ്റല്‍ മേധാവിയും എം.പിയുമായ ഡോ. മഹേഷ് ശര്‍മ വീണ്ടും രോഗികളെ പരിശോധിക്കാനെത്തി.
വീട്ടില്‍ സുരക്ഷിതനായിരുന്ന് മറ്റു ഡോക്ടര്‍മാരോട് ജോലിക്ക് പോകാന്‍ ആവശ്യപ്പെടാനാവില്ലെന്ന് പത്ത് ഹോസ്പിറ്റല്‍ ശൃംഖലയുടെ മേധാവിയായ അദ്ദേഹം പറഞ്ഞു. സ്‌ക്രീനുകള്‍ സ്ഥാപിച്ചും അകലം പാലിച്ചുമാണ് ചികിത്സ നല്‍കുന്നതെങ്കിലും എല്ലാവരോടും ആവശ്യമായ സുരക്ഷ സ്വയം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ കോര്‍പറേഷന്‍ അംഗമായ ഡോ.സീഷാന്‍ ഹുസൈനും കോവിഡ് രോഗികളെ ചികിത്സിക്കാന്‍ തയാറാണെന്ന് അകോല ജില്ലാ അധികൃതരെ അറിയിച്ചു.
ഇന്റേണല്‍ മെഡിസിനില്‍ എം.ഡിയായ ഡോ. സീഷാന്‍ നഴ്‌സിംഗ് ഹോം ഉടമയാണ്. താന്‍ മാത്രമല്ല, അകോലയിലെ ഡോക്ടമാര്‍മാരില്‍ 30 ശതമാനവും സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ബിഹാറിലെ നേതാവും വെസ്റ്റ് ചംപാരന്‍ എം.പിയുമായ ഡോ. സഞ്ജയ് ജയ്‌സ്വാളും ഐസൊലേഷന്‍ വാര്‍ഡുകളിലെ സേവനത്തിന് തയാറെടുത്തിരിക്കയാണ്. ബേട്ടിയയില്‍ സ്വന്തം ക്ലിനിക്കുള്ള ഡോ. ജയ്‌സ്വാള്‍ ആഴ്ചയിലൊരിക്കാല്‍ എക്കോ കാര്‍ഡിയോഗ്രാം നടത്താറുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിരം സേവനത്തിനു തയാറായിരിക്കയാണ്.
തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ ഭാര്യയോടൊപ്പം സ്വന്തം ക്ലിനിക്കുള്ള ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വംസി കൃഷ്ണയും സ്ഥിരം പരിശോധന ആരംഭിച്ചു.
അയര്‍ലന്‍ഡിലെ പ്രധാമന്ത്രി ലിയ വറാഡ്കര്‍ വീണ്ടും വെള്ളക്കോട്ടണിഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് അദ്ദേഹം ആഴ്ചയിലൊരിക്കല്‍ ചികിത്സ നടത്തുന്നു.