ന്യൂദല്‍ഹി- ദല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലുള്ള സ്‌റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാരടക്കം എട്ടു പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച മലയാളികളില്‍ ഒരാള്‍ എട്ടുമാസം ഗര്‍ഭിണിയാണ്. ഇവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്നും പരാതിയുണ്ട്. കൊറോണ സ്ഥിരീകരിച്ച രണ്ട് ഡോക്ടര്‍മാര്‍ ഉത്തരേന്ത്യക്കാരും നഴ്‌സുമാരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്. ഇതില്‍ ഒരു ഡോക്ടര്‍ക്ക് വിദേശയാത്രാ പശ്ചാത്തലമുണ്ടെന്ന് നേരത്തേ അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഇതില്‍ വാസ്തവമില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ എട്ടുപേര്‍ക്കും വൈറസ് ബാധ എങ്ങനെ ഉണ്ടായി എന്നതില്‍ ആസ്പത്രി വൃത്തങ്ങളില്‍ നിന്നും ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. അതേസമയം ഹോം ക്വാറന്റൈനില്‍ കഴിയുന്ന ഇതേ ആശുപത്രിയിലെ ഒരു നഴ്‌സ് സഹായം അഭ്യര്‍ത്ഥിച്ച് മാധ്യമങ്ങളുമായി ബന്ധപ്പെട്ടു. സ്‌റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിഇന്‍സ്റ്റിറ്റിയൂട്ടില്‍ കൊറോണ രോഗികളെ എടുക്കാത്തതുകൊണ്ട് തന്നെ രോഗം വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഇവര്‍ പറയുന്നു. ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീടാണ് മറ്റുള്ളവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് എല്ലാവരേയും മാറ്റിയിട്ടുള്ളത്. സ്‌റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മുപ്പതോളം ജീവനക്കാര്‍ ഇപ്പോള്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇവരില്‍ നിരവധി മലയാളികളും ഉണ്ട്.ഇവരെല്ലാവരും കൊറോണയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ അധികൃതര്‍ ഇതുവരെയും വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടില്ല എന്നാണു ആക്ഷേപം.