ജിദ്ദ- ജിദ്ദയിലെ ഏതാനും പ്രദേശങ്ങളിൽ 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചതോടെ 70 വർഷത്തിനു ശേഷം വീണ്ടും കരിന്തീനയെന്ന മഹ്ജർ പ്രദേശം ക്വാറന്റൈനിലായി. 1950 കളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയ രോഗികളായ ഹാജിമാരെ പാർപ്പിച്ചിരുന്ന പ്രദേശമായിരുന്നു മഹ്ജറും കരന്തിനയും.
അക്കാലത്ത് കപ്പൽ മാർഗമെത്തിയിരുന്ന ഹാജിമാരിൽ പലരും രോഗികളായിരുന്നു. ചിലർ സാംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത നാടുകളിൽ നിന്നും ഹജിനെത്തിയിരുന്നു. ഇവരെ പാർപ്പിക്കാൻ അബ്ദുൽ അസീസ് രാജാവിന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ താമസിപ്പിക്കും. രോഗം ഭേദമായ ശേഷമായിരുന്നു അവരെ മക്കയിലേക്ക് അയച്ചിരുന്നത്. ഹജിന് ശേഷം രോഗികളായവരെയും ഇവിടെയായിരുന്നു പാർപ്പിച്ചിരുന്നത്. ഇവിടെ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഹാജിമാരെ ക്വാറന്റൈൻ ചെയ്തതിനെ തുടർന്നാണ് മഹ്ജർ എന്നും കരിന്തീന എന്നും ഈ പ്രദേശത്തിന് പേരു വന്നത്. പിന്നീട് ഈ ഭാഗത്ത് അൽമഹ്ജർ ആശുപത്രി സ്ഥാപിച്ചു. ഇന്നിപ്പോൾ അതറിയപ്പെടുന്നത് കിംഗ് അബ്ദുൽ അസീസ് ആശുപത്രി എന്നാണ്.
ജിദ്ദ ഹിസ്റ്റൊറിക് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മുൻ മേധാവി അദ്‌നാൻ അദസ് പറയുന്നത് ഉസ്മാനിയ ഭരണ കാലത്ത് കടലിലുള്ള രണ്ട് ദ്വീപുകളായ സഅദ്, വാസിത്വ എന്നിവിടങ്ങളിലായിരുന്നു ഹാജിമാരായ രോഗികളെ ക്വാറന്റൈൻ ചെയ്തിരുന്നത്. ഇപ്പോൾ സൗദി നാവിക സേനയുടെ കേന്ദ്രമാണിവിടം. മഹ്ജറിന് ഉസ്മാനിയ കാലത്ത് കറന്റീനാ ഖാന എന്നായിരുന്നു പേർ നൽകിയിരുന്നത്. ജിദ്ദയുടെ തെക്ക് ഭാഗത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.