ന്യൂദൽഹി- നിസാമുദ്ദീനിലെ തബ്്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മലേഷ്യയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ എട്ടു പേരെ വിമാനതാവളത്തിൽ പിടികൂടി. മലേഷൻ പൗരന്മാരാണ് പിടിയിലായത്. ഇവർ പ്രത്യേക വിമാനത്തിൽ ദൽഹിയിലെ ഇന്ദിരാഗാന്ധി വിമാനതാവളത്തിൽനിന്ന് മലേഷ്യയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. രാജ്യത്തുനിന്ന് രാജ്യാന്തര വിമാനങ്ങൾ സർവീസ് നടത്തുന്നില്ലെങ്കിലും ചില രാജ്യങ്ങൾ അവരുടെ പൗരൻമാരെ തിരിച്ചുകൊണ്ടുപോകുന്നതിന് പ്രത്യേക സർവീസ് നടത്തുന്നുണ്ട്.
കഴിഞ്ഞ മാസം ദൽഹി നിസാമുദ്ദീനിൽ നടന്ന തബ്്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ആയിരത്തോളം പേർക്ക് ഇതോടകം കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇ സമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ കേന്ദ്രം കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്ത 9000-ത്തോളം പേർ ഇന്ത്യയുടെ വിവിധ ഭാഗങ്ങൡലേക്ക് പോയിരുന്നു.
തബ്്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഈ എട്ടു മലേഷ്യൻ സ്വദേശികൾ ദൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഒളിച്ചുകഴിയുകയായിരുന്നു. ഇന്ന് രാവിലെ മാലിന്ദോ എയറിന്റെ പ്രത്യേക വിമാനത്തിൽ മലേഷ്യയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ എമിഗ്രേഷൻ വിഭാഗമാണ് ഇവരെ പിടികൂടിയത്.