ഭോപാല്‍- മധ്യപ്രദേശിലെ മൊറേന ഗ്രാമത്തിലാണ് സംഭവം. ദുബായില്‍ ജോലി ചെയ്യുന്ന സുരേഷ് എന്ന യുവാവാണ്, അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി സദ്യ നടത്തിയത്. മാര്‍ച്ച് 17നാണ് ഇയാള്‍ നാട്ടിലെത്തിയത്. മാര്‍ച്ച് 20നായിരുന്നു ചടങ്ങുകള്‍. സദ്യയില്‍ പങ്കെടുത്തത് 1500ഓളം പേരാണ്. എന്നാല്‍, ചടങ്ങില്‍ പങ്കെടുത്ത ഇയാളുടെ കുടുംബാംഗങ്ങളടക്കം 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഗ്രാമം തന്നെ അടച്ചിട്ടു. ഗ്രാമത്തിലെ 26000 പേര്‍ 3000 വീടുകളിലായി നിരീക്ഷണത്തില്‍ കഴിയുകയാണെന്നാണ് മൊറേനയില്‍ നിന്നും പുറത്ത് വരുന്ന വിവരം.
മാര്‍ച്ച് 25ന് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. പിന്നാലെ ഭാര്യയ്ക്കും അടുത്ത ബന്ധുക്കളായ 11 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇതോടെയാണ് ഗ്രാമം തന്നെ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്.
മൊറേന, മധ്യ പ്രദേശിലെ ഒരു ചെറിയ ഗ്രാമമാണ്. ഇപ്പോള്‍ രാജ്യത്തിന്റെ ശ്രദ്ധയെല്ലാം ഈ കൊച്ചു ഗ്രാമത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. മൊറേന ഹോട്ട് സ്‌പോട്ട് പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. സമൂഹ വ്യാപനം നടന്നോ എന്ന് ആശങ്കയിലാണ് മധ്യ പ്രദേശ് സര്‍ക്കാര്‍.