Sorry, you need to enable JavaScript to visit this website.

എണ്ണയുൽപാദക രാജ്യങ്ങൾ സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നു

റിയാദ് - കൊറോണ വൈറസ് വ്യാപനം മൂലം എണ്ണ വില കൂപ്പുകുത്തിയ പശ്ചാത്തലത്തിൽ വിപണിയിൽ സ്ഥിരതയുണ്ടാക്കുന്നതിനെ കുറിച്ച് പെട്രോളിയം ഉൽപാദക രാജ്യങ്ങൾ ഗൗരവമായി ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വീഡിയോ കോൺഫറൻസ് സംവിധാനത്തിൽ യോഗം ചേരാനും പദ്ധതിയുണ്ട്. ഈയാഴ്ച തന്നെ യോഗം ചേരുമെന്നാണ് വിവരം. യോഗത്തിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള ഉൽപാദകരും അടക്കം മുഴുവൻ എണ്ണയുൽപാദക രാജ്യങ്ങളും പങ്കെടുക്കും. എന്നാൽ ഏതെല്ലാം രാജ്യങ്ങളാണ് യോഗത്തിൽ പങ്കെടുക്കുക എന്ന കാര്യം വ്യക്തമായിട്ടില്ല. 


ഒപെക്ക് രാജ്യങ്ങളെയും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദകരെയും ഉൾപ്പെടുത്തി രൂപീകരിച്ച ഒപെക് പ്ലസ് ഗ്രൂപ്പ് രാജ്യങ്ങൾ ഏപ്രിൽ ആറിന് യോഗം ചേരുമെന്ന് അസർബൈജാൻ ഊർജ മന്ത്രാലയം വെളിപ്പെടുത്തിയതായി റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ എണ്ണ വില 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. 
എണ്ണ വിപണിയിലെ പ്രതിസന്ധി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം സൗദി കിരീടാവകാശിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പ്രതിദിന ഉൽപാദനത്തിൽ ഒരു കോടിയോളം ബാരലിന്റെ കുറവ് സൗദി, റഷ്യൻ നേതാക്കൾ വരുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. സൗദി കിരീടാവകാശിയുമായി താൻ സംസാരിച്ചു. ഇതിനു പിന്നാലെ സൗദി കിരീടാവകാശി റഷ്യൻ പ്രസിഡന്റുമായും സംസാരിച്ചിട്ടുണ്ട്. പ്രതിദിന ഉൽപാദനത്തിൽ ഒരു കോടി ബാരലിന്റെ കുറവ് സൗദി അറേബ്യയും റഷ്യയും വരുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ ഇതിലും വളരെയേറെ ഉൽപാദനത്തിൽ കുറവ് വരുത്തിയേക്കും. ഇങ്ങിനെ സംഭവിക്കുകയാണെങ്കിൽ അത് എണ്ണ, ഗ്യാസ് വ്യവസായത്തിന് ഏറെ ഗുണം ചെയ്യും. പ്രതിദിന ഉൽപാദനത്തിൽ വരുത്തുന്ന കുറവ് ഒന്നര കോടി ബാരൽ വരെ ആയേക്കാമെന്നും ട്രംപ് പറഞ്ഞു.


ഒപെക്കിന്റെ ആകെ ഉൽപാദനത്തിന്റെ മൂന്നിലൊന്നു മുതൽ പകുതി വരെയുള്ള കുറവിനെ കുറിച്ചാണ് ട്രംപ് സംസാരിക്കുന്നതെന്ന് ലണ്ടനിലെ സിമാർകിറ്റ്‌സ് കമ്പനി സി.ഇ.ഒ ഡോ. യൂസുഫ് അൽശമ്മരി പറഞ്ഞു. ഒപെക് രാജ്യങ്ങളുടെ ആകെ പ്രതിദിന ഉൽപാദനം മൂന്നു കോടി ബാരലാണ്. ഒപെക് പ്ലസ് ഗ്രൂപ്പിലെ പ്രധാന രാജ്യങ്ങളായ സൗദി അറേബ്യക്കും റഷ്യക്കും പുറമെ ഉൽപാദനം കുറക്കുന്നതിൽ പങ്കാളിത്തം വഹിക്കുന്നതിന് അമേരിക്കൻ കമ്പനികളും നിർബന്ധിതമായേക്കും. ഉൽപാദനം കുറക്കുന്നതിന് ഒപെക്കും സഖ്യരാജ്യങ്ങളും ധാരണയിലെത്തുന്നതോടെ എണ്ണ വില ഉയരുമെന്നും ഡോ. യൂസുഫ് അൽശമ്മരി പറഞ്ഞു.


നിലവിലെ സാഹചര്യത്തിൽ വിപണിയിൽ സന്തുലനം വീണ്ടെടുക്കുന്നതിന് പ്രതിദിന ഉൽപാദനത്തിൽ ഒരു കോടി മുതൽ ഒന്നര കോടി ബാരലിന്റെ വരെ കുറവ് വരുത്തേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വിലയിടിച്ചിൽ തടയുന്നതിന് ശ്രമിച്ച് ഒപെക് പ്ലസ് ഉണ്ടാക്കിയ കരാർ റഷ്യയുടെ കടുംപിടുത്തം മൂലം പൊളിഞ്ഞതോടെ ആഗോള എണ്ണ വിപണിയിൽ തങ്ങളുടെ വിഹിതം പരമാവധി വർധിപ്പിക്കാൻ ശ്രമിച്ച് പ്രതിദിന ഉൽപാദനം 1.3 കോടി ബാരലായി ഉയർത്താൻ സൗദി അറേബ്യ തീരുമാനിച്ചിരുന്നു. അടുത്ത മാസം മുതൽ പ്രതിദിന കയറ്റുമതി 10.6 ദശലക്ഷം ബാരലായി ഉയർത്തുമെന്നും സൗദി അറേബ്യ അറിയിിട്ടുണ്ട്. 
2014 ജൂണിൽ ഒരു ബാരൽ എണ്ണയുടെ വില 114 ഡോളറായിരുന്നു. 2020 ജനുവരിയിൽ ഇത് 60 ഡോളറായിരുന്നു. എണ്ണ വിപണിയിൽ യുദ്ധം മുറുകിയതോടെ മുപ്പതു ഡോളറിനും താഴേക്ക് കൂപ്പുകുത്തിയ വില, ഉൽപാദക രാജ്യങ്ങൾ അടിയന്തര യോഗം ചേരണമെന്ന് സൗദി അറേബ്യ ആഹ്വാനം ചെയ്തതോടെ അൽപം മെച്ചപ്പെട്ട് കഴിഞ്ഞ ദിവസം 31.8 ഡോളറിലെത്തിയിരുന്നു. 
 

Latest News