മക്ക - വിശുദ്ധ ഹറമിൽ വൻകിട കമ്പനി നടപ്പാക്കി വന്ന വികസന ജോലികൾ പതിനാലു ദിവസത്തേക്ക് നിർത്തിവെച്ചു. നിലവിലെ സാഹചര്യത്തിൽ അനിവാര്യമല്ലാത്ത വികസന ജോലികൾ നിർത്തിവെക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശിക്കുകയായിരുന്നു. അടിയന്തര അറ്റകുറ്റപ്പണികൾ വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരമാവധി ജീവനക്കാരുടെ എണ്ണം കുറച്ചും കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള എല്ലാവിധ മുൻകരുതൽ നടപടികൾ സ്വീകരിച്ചുമായിരിക്കണം അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടത്.
ഹറമിൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിന്റെ കരാറേറ്റെടുത്ത വൻകിട കമ്പനിക്കു കീഴിലെ തൊഴിലാളികൾ താമസസ്ഥലങ്ങളിൽ കഴിയണമെന്നും ഇവിടെ നിന്ന് പുറത്തിറങ്ങരുതെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതു വരെ സുരക്ഷാ വകുപ്പുകളുടെ മേൽനോട്ടത്തിൽ കമ്പനി തൊഴിലാളികൾക്ക് ഹോട്ടലുകളിലും മറ്റിടങ്ങളിലും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക കമ്മിറ്റി കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇവിടെ 8,000 തൊഴിലാളികൾ കഴിയുന്നതായി വ്യക്തമായിരുന്നു. മക്കയിൽ കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായാണ് കമ്പനി തൊഴിലാളികൾക്ക് ആരോഗ്യ, സുരക്ഷാ, മുൻകരുതൽ വ്യവസ്ഥകൾ പൂർണമായ താമസസ്ഥലങ്ങൾ ലഭ്യമാക്കുകയും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിന് ഇവരെ പരിശോധനകൾക്ക് വിധേയരാക്കുകയും ചെയ്യുന്നത്.