കൊച്ചി- സംസ്ഥാന സർക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, എസ്.സി-എസ്.ടി. കോളനികൾക്കൊക്കെ ഗുണകരമായിരുന്ന 200 മീറ്റർ ദൂരപരിധിയിൽ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകൾക്ക് സർക്കാരിന്റെ ഓണസമ്മാനമാണ്. കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യനയവും തുടർ നടപടികളും ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവും. ജനങ്ങൾക്കൊപ്പമല്ല മറിച്ച്, വിദ്യാർത്ഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മാനേജുമെന്റുകൾക്കും ഭൂമാഫിയയ്ക്കും മദ്യമുതലാളിമാർക്കും ഒപ്പമാണ് ഈ സർക്കാർ എന്നത് വളരെ വ്യക്തമാണെന്നും സുധീരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍നിന്നും അന്‍പത് മീറ്ററായി കുറച്ചുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവ് ചൊവ്വാഴ്ച്ചയാണ് അംഗീകരിച്ചത്. ഫോര്‍ സ്റ്റാര്‍ ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചത്. അതേസമയം, ത്രീ സ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും. സ്കൂളുകള്‍, ദേവാലയങ്ങള്‍ എന്നിവയുടെ അടുത്ത്നിന്ന് 50 മീറ്റര്‍ ദൂരപരിധിയില്‍ ബാറുകള്‍ തുടങ്ങാം. നിലവില്‍ ഇത് 200 മീറ്ററായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച ഇറങ്ങിയ ഉത്തരവ് ചട്ടം ഭേദഗതിക്ക് ശേഷം നിലവില്‍ വരും.