Sorry, you need to enable JavaScript to visit this website.

രക്തം കയറ്റൽ വിശ്വാസത്തിന് എതിരെന്ന് യുവതി; ഡെങ്കിപ്പനി ബാധിച്ച യുവതിക്ക് ഡോക്ടർമാരുടെ വക അത്യാധുനിക ചികിത്സ

കൊച്ചി- ഡങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിട്ടും രക്തം സ്വീകരിക്കാൻ വിസമ്മതിച്ച യുവതിയെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ അത്യാധുനിക ചികിത്സയോടെ ജീവിതത്തിലേക്ക് തിരിച്ചുനടത്തി. വിശ്വാസത്തിന്റെ ഭാഗമായി ശരീരത്തിൽ രക്തം കയറ്റാൻ യഹോവ സാക്ഷി വിശ്വാസിയായ അലീന എന്ന 21 കാരി വിസമ്മതിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ഡങ്കിപ്പനിയെ തുടർന്ന് എറണാകുളം പുത്തൻകുരിശ് കുറിഞ്ഞി മീമ്പാറ കൂത്രാപ്പിള്ളിൽ അലീന മേരി പോൾ കാക്കനാട് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.  ഡങ്കിപ്പനിയും അമിത രക്തസ്രാവവും മൂലം കളമശ്ശേരി മെഡിക്കൽ കോളജിലെത്തിയ അലീനയെ, രക്തം കയറ്റാൻ സമ്മതിക്കാത്തതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അത്യാധുനിക സൗകര്യങ്ങളുള്ള കാക്കനാട്ടെ ആശുപത്രിയിലേക്ക് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞയക്കുകയായിരുന്നു. ഇവിടെ എത്തുമ്പോൾ യുവതിയുടെ ഹീമോഗ്ലോബിന്റെ അളവ് 2.1 ഗ്രാം/ 100 എം.എലിൽ  താഴെയായിരുന്നു. ഇത് കൂട്ടുന്നതിനായി മറ്റ് രോഗികൾക്ക് നൽകുന്നതുപോലെ പ്രഥമിക ചികിത്സയായി രക്തം കയറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും യഹോവാ സാക്ഷി വിശ്വാസിയായ യുവതി അത് നിരസിച്ചു.

ഡോക്ടർമാർ ഉൾപ്പടെയുള്ളവർ രക്തം കയറ്റാതിരുന്നാലുള്ള ഭവിഷ്യത്തുകളെ കുറിച്ച് പലയാവർത്തി പറഞ്ഞെങ്കിലും യുവതി വിശ്വാസം കൈവിടാൻ തയാറായില്ല. തുടർന്ന് ഹോസ്പിറ്റലിലെ ഫിസിഷ്യൻ ഡോ. ശീതൾ ബിനു, തീവ്രപരിചരണ വിഭാഗത്തിലെ ഡോ. ജിതിൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിനായി ആധുനിക ഹോർമോൺ ഉൾപ്പടെയുള്ള മരുന്നുകൾ നൽകി. ക്രമേണ രക്തത്തിലെ ചുവന്ന ശ്വേതാണുക്കളുടെ അളവും അതുവഴി ഹീമോഗ്ലോബിന്റെ അളവും വർധിച്ചുകൊണ്ടിരുന്നു. എല്ലാ ശരീരാവയവങ്ങളുടേയും പ്രവർത്തനം എല്ലാ മണിക്കൂറുകളിലും കൃത്യമായി അപഗ്രഥിച്ചു കൊണ്ടായിരുന്നു ചികിത്സ. ഈ ചികിത്സാ രീതികൊണ്ട് 2.1 മില്ലിഗ്രാം എന്ന അപകടകരമായ ഹീമോഗ്ലോബിന്റെ അളവ് 15 ദിവസംകൊണ്ട് അപകടനില തരണം ചെയ്ത് 7 എന്ന അളവിലെത്തി. ഒപ്പം ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണഗതിയിലായി. രോഗിയുടെ രക്തസ്രാവം നിയന്ത്രിക്കുക, മറ്റ് അവയവങ്ങളുടെ പ്രവർത്തന ശൈലി നിരീക്ഷിക്കുക, ഇൻഫെക്ഷൻ വരാതെ സൂക്ഷിക്കുക എന്നിവയ്ക്കായി യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ ബാരിയർ നഴ്‌സിങ് സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു ചികിത്സ.

മുൻകാലങ്ങളിൽ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറവായ യഹോവ സാക്ഷി വിഭാഗത്തിൽപ്പെട്ട രോഗികളെ താക്കോൽദ്വാര ശസ്ത്രക്രിയ ഉൾെപ്പടെയുള്ള ചികിത്സാ രീതികൾ കൊണ്ട് അപകടനില തരണം  ചെയ്യിച്ച ഇതേ ആശുപത്രിയിലെ ഡോക്ടർമാരുടെ അനുഭവസമ്പത്തും അലീനയുടെ കാര്യത്തിൽ  സഹായകരമായി. ആശുപത്രിയുടെ ആരംഭകാലം മുതൽതന്നെ യഹോവ സാക്ഷികളുടെ വിശ്വാസം കണക്കിലെടുത്തു കൊണ്ടുള്ള ചികിത്സാരീതി നൽകുന്നതിനാൽ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള യഹോവ സാക്ഷി വിശ്വാസികൾ ഇവിടെ ചികിത്സക്കായി  എത്താറുണ്ടെന്ന് ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ പറഞ്ഞു. തന്റെ വിശ്വാസങ്ങൾക്കൊപ്പംനിന്ന് തന്നെ ജീവിതത്തിലേക്ക് തിരിച്ചുകയറ്റിയ ഡോക്ടർമാരോടും നഴ്‌സുമാരോടും മറ്റ് ജീവനക്കാരോടും ഏറെ നന്ദിയുണ്ടെന്ന് അലീന പറഞ്ഞു.
 

Latest News