തിരുവനന്തപുരം-കൊറോണ കാലത്ത് ഇനി പണം എടുക്കാന്‍ എടിഎമ്മിലോ ബാങ്കിലേക്കോ പോകേണ്ടതില്ല. സംസ്ഥാനസര്‍ക്കാരാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവരാണ് നിങ്ങളെങ്കില്‍ ഇനി ആവശ്യമുള്ള പണം വീട്ടിലെത്തും. അക്കൗണ്ടിലുള്ള പണം എടുക്കാന്‍ വീട്ടില്‍ നിന്ന് പുറത്തുപോകുന്നതിന് പകരം തുക ആവശ്യമുണ്ടെന്ന് സമീപത്തെ പോസ്റ്റ്മാനെ വിവരം അറിയിക്കുകയാണ് വേണ്ടത്.
തുടര്‍ന്ന് പണം പോസ്റ്റ്മാന്‍ വീട്ടിലെത്തിച്ചു തരും. ശേഷം ഈ തുക നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റല്‍ അക്കൗണ്ടിലേക്ക് മാറും. ബാങ്കുകളിലെയും എടിഎമ്മുകളിലെയും തിരക്ക് കുറയ്ക്കാനാണ് പുതിയ തീരുമാനം. വരുന്ന ആഴ്ച മുതല്‍ രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവര്‍ത്തനസമയം രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.