ന്യൂദല്‍ഹി- കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഏപ്രില്‍ അഞ്ചിന് മെഴുകുതിരിയോ ദീപമോ കത്തിച്ച് പിന്തുണയര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഓര്‍മപ്പെടുത്തി പ്രസാര്‍ ഭാരതി. ജനങ്ങള്‍ മെഴുകുതിരി കത്തിക്കുന്നതിന് മുമ്പ് ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കരുതെന്ന് പ്രസാര്‍ ഭാരതി ട്വീറ്റ് ചെയ്തു. ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷം തീ കൊളുത്തിയാല്‍ ശരീരത്തില്‍ പൊള്ളലേല്‍ക്കുമെന്നാണ് പ്രസാര്‍ ഭാരതി മുന്നറിയിപ്പ് നല്‍കുന്നത്.
കൊറോണ വൈറസിനെ നേരിടാന്‍ ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസര്‍ ഉപയോഗിക്കാനാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം. എന്നിരുന്നാലും സാനിറ്റൈസര്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുവാണ്. അതില്‍ ഇഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്.അത് മുറിയിലെ അന്തരീക്ഷ ഊഷ്മാവില്‍ ആവിയായി പോകും. ഇത് തീപിടിക്കുന്ന ദ്രവമായാണ് കരുതുന്നതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനും പറയുന്നു.കൊവിഡ് 19നെതിരെ 60 ശതമാനം ആല്‍ക്കഹോളുള്ള സാനിറ്റൈസറാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഉയര്‍ന്ന അളവില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് മെഴുകുതിരി കത്തിക്കുന്ന ദിവസം ഒഴിവാക്കണമെന്ന് പ്രസാര്‍ ഭാരതി ആവശ്യപ്പെട്ടു.