വാഷിംഗ്ടൺ- ഒരു തരത്തിലുള്ള രോഗലക്ഷണം കാണിക്കാത്തവരിലും കോവിഡ് സ്ഥിരീകരിക്കുന്ന പശ്ചാതലത്തിൽ അമേരിക്കയിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിബന്ധന താൻ അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആണ് അമേരിക്കയിൽ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് നിർദേശിച്ചത്. എന്നാൽ മറ്റു രാജ്യത്തെ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്താനുള്ളതിനെ ബാധിക്കുമെന്നതിനാൽ താൻ മാസ്‌ക് ധരിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഇന്നലെ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് അമേരിക്കൻ ജനത തുണികൊണ്ടുള്ളതോ ഫാബ്രിക് മാസ്‌കോ ധരിക്കണമെന്ന് ട്രംപ് പറഞ്ഞത്. എന്നാൽ താൻ ധരിക്കില്ലെന്ന് ഉടൻ തന്നെ ട്രംപ് വ്യക്തമാക്കുകയും ചെയ്തു. മറ്റു രാജ്യത്തെ പ്രസിഡന്റുമാരെയും പ്രധാനമന്ത്രിമാരെയും ഏകാധിപതിമാരെയും രാജാക്കന്മാരെയും രാജ്ഞിമാരെയും മാസ്‌ക് ധരിച്ചു കൊണ്ട് സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം, നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റില്ലെന്നും ട്രംപ് വ്യക്തമാക്കി.