ന്യൂദല്‍ഹി- തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 14 സംസ്ഥാനങ്ങളില്‍നിന്നായി 647 കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിസാമുദീന്‍ മര്‍ക്കസ് ഒഴിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരെ പത്തു ദിവസത്തെ വിശ്രമത്തിനായി വിട്ടിരിക്കുകയാണ്.
കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്ന രോഗികളും അവരുടെ കുടുംബാംഗങ്ങളും ഡോക്ടര്‍മാരോട് അപമര്യാദയായി പെരുമാറുകയോ ഡ്യൂട്ടി തടസപ്പെടുത്തുകയോ ചെയ്യരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ അഭ്യര്‍ഥിച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ രോഗികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങളില്‍ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
വെള്ളിയാഴ്ച അഞ്ചു മണി വരെ 24 മണിക്കൂറിനുള്ളില്‍ 8000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.