വാഷിംഗ്ടണ്‍-കൊറോണ കുടുംബത്തിലെ കോവിഡ് വൈറസ് അമേരിക്കയില്‍ താണ്ഡവമാടുമ്പോള്‍, ഉലയുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കസേര കൂടിയാണ്.
ഒരു വട്ടം കൂടി വൈറ്റ് ഹൗസിന്റെ അധിപനാകുക എന്ന ട്രംപിന്റെ സ്വപ്നം ഒരു സ്വപ്നമായി തന്നെ അവശേഷിക്കുമോ എന്ന സംശയവും ഉയര്‍ന്നു കഴിഞ്ഞു.
കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയാണ് ട്രംപിന്റെ സാധ്യതക്ക് കൂടുതല്‍ മങ്ങല്‍ ഏല്‍പ്പിക്കുന്നത്. അദ്ദേഹത്തിന്റെ മണ്ടന്‍ പ്രസ്താവനകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ കടുത്ത രോക്ഷമാണുള്ളത്.
കൊലയാളി വൈറസിനെ തടയാന്‍ പറ്റിയില്ലങ്കില്‍ 2 ലക്ഷം ആളുകള്‍ വരെ അമേരിക്കയില്‍ മരണപ്പെടാനാണ് സാധ്യത. ഇക്കാര്യം വൈറ്റ് ഹൗസ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. ലോകത്ത് ഏറ്റവും അധികം പേര്‍ വൈറസ് ബാധയേറ്റിരിക്കുന്നതും ഇപ്പോള്‍ അമേരിക്കയിലാണ് ചൈനയെയും ഇറ്റലിയെയും മറികടന്നാണ് ഈ കുതിപ്പ്.
വന്‍ ആള്‍നാശം മാത്രമല്ല, സാമ്പത്തികമായ തിരിച്ചടിയുമാണ് അമേരിക്കയെ ഇനി കാത്തിരിക്കുന്നത്.ഈ സാഹചര്യത്തില്‍ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടി വരുമെന്ന ആശങ്കയും വ്യാപകമാണ്.
മഹാമാരിയില്‍പ്പെട്ടു പോയതിനാല്‍ രാഷ്ട്രീയ നേതാക്കളും അതിജീവനത്തിനായുള്ള നെട്ടോട്ടത്തിലാണ്. ഈ ഇരുള്‍ നീങ്ങിയാല്‍ വൈറ്റ് ഹൗസിലും മാറ്റം പ്രതീക്ഷിക്കാമെന്നാണ് ഡെമോക്രാറ്റുകള്‍ അവകാശപ്പെടുന്നത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാവുന്ന ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. 2550 റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ 1276 പേരുടെ പിന്തുണയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള യോഗ്യത. നിലവില്‍ 1330 പേരുടെ പിന്തുണയുള്ള ഡോണള്‍ഡ് ട്രംപിന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് മറ്റാരും തല്‍ക്കാലം വെല്ലുവിളിയാകാനില്ല. അതേസമയം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി ജോ ബൈഡന്‍ തന്നെയാകും മല്‍സരിക്കുകയെന്ന കാര്യം ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം ഏറെക്കുറെ ഉറപ്പിച്ചിട്ടുമുണ്ട്