മെക്‌സിക്കോ സിറ്റി- കൊറോണ ബിയറിന്റെ ഉല്‍പാദനം മെക്‌സിക്കന്‍ മദ്യനിര്‍മാണ കമ്പനി നിര്‍ത്തിവെച്ചു. കൊറോണ മഹാമാരിയുടെ സാഹചര്യത്തില്‍ രാജ്യത്ത് ഉടലെടുത്തിരിക്കുന്ന പ്രത്യേക അടിയന്തരസാഹചര്യം കണക്കിലെടുത്താണ് ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്നാണ് ബിയര്‍ നിര്‍മാതാക്കളായ ഗ്രൂപോ മോഡലോ അറിയിച്ചത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനു വേണ്ടി ഏപ്രില്‍ 30 വരെ അവശ്യ സേവനങ്ങളൊഴികെയുള്ള എല്ലാ വ്യാവസായികോത്പാദനവും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ മെക്‌സിക്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനാലാണ് ബിയറിന്റെ ഉത്പാദനം നിര്‍ത്തുന്നതെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്.കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ മാത്രം പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
പ്ലാന്റുകളിലെ നിര്‍മാണം ഏറ്റവും കുറഞ്ഞ നിലയിലേക്ക് കുറയ്ക്കുന്നതിനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉല്‍പാദനം പൂര്‍ണമായും നിര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.