വാഷിംഗ്ടൺ- യുദ്ധക്കപ്പലിലെ കൊറോണ ബാധയെകുറിച്ച് മേലുദ്യോഗസ്ഥരോട് പരാതി പറഞ്ഞ ക്യാപ്റ്റനെ അമേരിക്കന്‍ നേവി പുറത്താക്കി. അയ്യായിരത്തോളം സൈനികരെ വഹിക്കുന്ന വിമാനവാഹിനിക്കപ്പലായ യുഎഎസ്‌എസ് റൂസ്‌വെല്‍റ്റിന്റെ കമാൻഡർ ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയറിനെതിരെയാണ് അമേരിക്ക നടപടിയെടുത്തത്. കപ്പലില്‍ കോറോണ വ്യാപനം തടയാന്‍ നാവികസേന വേണ്ടത്ര നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നായിരുന്നു ക്യാപ്റ്റന്റെ പരാതി. നിലവില്‍ യുദ്ധക്കപ്പലിലുള്ള 100 പേരെങ്കിലും രോഗബാധിതരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
യുദ്ധസമയത്തല്ലാതെ അമേരിക്കന്‍ സൈനികര്‍ ഇത്തരത്തില്‍ മരിക്കുന്നത് തടയാന്‍ നേവി അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നായിരുന്നു ക്യാപ്റ്റന്‍ മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തിലെ ആവശ്യം. എന്നാല്‍ ഇത് ഒരു മോശം വിലയിരുത്തലാണെന്നാണ് ബ്രെറ്റ് ക്രോസിയറിനെതിരെ നടപടി എടുത്തുകൊണ്ട് നേവി പ്രതികരിച്ചത്. അടിയന്തിര സഹായം ആവശ്യപ്പെട്ട് നിരവധി പേര്‍ക്ക് മെമ്മോ അയച്ച് ക്യാപ്റ്റൻ പരിഭ്രാന്തി സൃഷ്ടിച്ചുവെന്ന് ക്രോസിയറിനെതിരെ നടപടി പ്രഖ്യാപിച്ച നാവികസേനയുടെ ആക്ടിംഗ് സെക്രട്ടറി തോമസ് മൊഡ്‌ലി പറഞ്ഞു.