പെനിസില്‍വാനിയ- കോവിഡ് 19 ന് കാരണമാകുന്ന വൈറസിന് എതിരായ വാക്സിന്‍ ഗവേഷണം വിജയത്തോട് അടുക്കുന്നതായി അമേരിക്കന്‍ സംഘം. പുതിയ വാക്സിന് ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണം വൈറസിനെ ചെറുക്കാന്‍ ആവശ്യമായ ശാരീരിക മാറ്റങ്ങള്‍ എലികളില്‍ വരുത്തിയതായി ഗവേഷക സംഘം അവകാശപ്പെട്ടു. അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് ലോകത്തിനു പ്രത്യാശ നല്‍കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
പുതുതായി വികസിപ്പിച്ച വാക്സിന് കൊറോണ വൈറസിനെതിരെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും സാര്‍സ്, മെര്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് കൊറോണ വൈറസുകളിലും ഇത് ഫലപ്രദമാകുകയാണെങ്കില്‍ കോവിഡ് 19 ന് എതിരായ വാക്‌സിന്‍ വികസനത്തിലേക്ക് അതിവേഗം മുന്നേറാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കകം വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു നോക്കാനാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.