റിയാദ്- കോവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ വിദേശികളുടെ ഇഖാമ കാലാവധി മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചുതുടങ്ങി. കഴിഞ്ഞ രണ്ടുദിവസമായി ഇതുസംബന്ധിച്ച സന്ദേശം നിരവധി പേര്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈലുകളില്‍ ലഭ്യമായി. സൗദിയിലുള്ളവരുടെയും നാട്ടില്‍ പോയവരുടെയും ഇഖാമ പുതുക്കുന്നുണ്ട്. അതേ സമയം നേരത്തെയടിച്ച ഫൈനല്‍ എക്‌സിറ്റുകള്‍ കാലാവധിയില്ലെങ്കില്‍ കാന്‍സല്‍ ചെയ്യണമെന്ന് ജവാസാത്ത് അഭ്യര്‍ഥിച്ചു.
മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 30 വരെയുള്ള തിയ്യതികളില്‍ ഇഖാമ കാലാവധി അവസാനിക്കുന്നവര്‍ക്ക് ഓട്ടോമാറ്റിക് ആയി പുതുക്കി നല്‍കുമെന്ന് ജവാസാത്ത് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് ലെവിയോ മറ്റു ഫീസുകളോ ഇന്‍ഷുറന്‍സോ ഇല്ലാതെ എല്ലാവര്‍ക്കും പുതുക്കി നല്‍കിയത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
എന്നാല്‍ ഫൈനല്‍ എക്‌സിറ്റ് നീട്ടിക്കിട്ടില്ല. രണ്ടുമാസം കാലാവധിയുണ്ടെങ്കിലും സമയം അവസാനിക്കാറായവര്‍ക്ക് ഉടന്‍ അത് കാന്‍സല്‍ ചെയ്ത് വീണ്ടും അടിക്കാവുന്നതാണ്. ഫൈനല്‍ എക്‌സിറ്റടിച്ച് 60 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ ആയിരം റിയാലാണ് പിഴ. പിഴ ഒഴിവാക്കാന്‍ ഫൈനല്‍ എക്‌സിറ്റ് കാന്‍സല്‍ ചെയ്യണമെന്ന് ജവാസാത്ത് ഓര്‍മിപ്പിച്ചു. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 20 വരെ കാലയളവിലടിച്ച റീ എന്‍ട്രികള്‍ ഓട്ടോമാറ്റിക് ആയി നീട്ടിക്കിട്ടുമെങ്കിലും അതിന് ശേഷമടിച്ചവക്ക് ആനുകൂല്യമുണ്ടാവില്ല.