ലണ്ടന്‍- കൊറോണ വൈറസ് ബാധിച്ച് മുൻ സോമലിയന്‍ പ്രധാനമന്ത്രി നൂർ ഹസ്സൻ ഹുസൈൻ ലണ്ടനില്‍ മരണപ്പെട്ടു. 83 കാരനായ ഇദ്ദേഹത്തിന് ലണ്ടനില്‍ വെച്ചാണ് കൊറോണ ബാധയേല്‍ക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കിംഗ്സ് കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുൻ നേതാവിനെ ലണ്ടനിൽതന്നെ സംസ്‌കരിക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. മുന്‍പ്രധാനമന്ത്രിയോടുള്ള ബഹുമാനാര്‍ത്ഥം രാജ്യം മൂന്ന് ദിവസം ദു:ഖമാചരിക്കുമെന്ന് സോമാലി പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലഹി ഫർമാജോ അറിയിച്ചു,
"പ്രധാനമന്ത്രി നൂർ ആദ്ദെ തന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും നല്‍കിയ മഹത്തായ സംഭാവനകളെ മുന്‍നിര്‍ത്തി, രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിക്കുന്നു, ബഹുമാന സൂചകമായി ഫെഡറൽ റിപ്പബ്ലിക് ഓഫ് സൊമാലിയയുടെ പതാക മൂന്ന് ദിവസം പകുതി താഴ്ത്തിക്കെട്ടും" പ്രസിഡന്റിന്റെ പ്രസതാവനയില്‍ പറയുന്നു.
നൂർ ആദ്ദേ എന്നറിയപ്പെടുന്ന നൂർ ഹസ്സൻ ഹുസൈൻ 2007 നവംബർ മുതൽ 2009 ഫെബ്രുവരി വരെയാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സോമലിയയെ നയിച്ചിരുന്നത്. എരിത്രിയന്‍ റിബലുകളുമായുള്ള നിര്‍ണായകമായ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. ജിബൂട്ടിയിൽ ഹുസൈന്റെ നേതൃത്വത്തില്‍ നടന്ന ചർച്ചകൾക്കൊടുവില്‍ വിമതര്‍ ആയുധം വെടിയുകയും ഐക്യസർക്കാർ രൂപീകരിക്കുന്നതിലേക്ക് ചര്‍ച്ചകള്‍ വഴിവെക്കുകയും ചെയ്തു. വിമതരുടെ നേതാവ് ഷെരീഫ് ഷെയ്ഖ് അഹമ്മദ് തുടര്‍ന്ന് സോമാലിയുടെ പ്രസിഡന്റായി.
1937 ൽ മൊഗാദിഷുവിൽ ജനിച്ച നൂര്‍ ആദ്ദേ രാജ്യം ഇറ്റലിയില്‍നിന്ന് 1960 ൽ സ്വാതന്ത്ര്യം നേടിയപ്പോൾ പോലീസ് സേനയിൽ ചേര്‍ന്നു പ്രവര്‍ത്തിച്ചു. സേനയില്‍നിന്ന് പിരിഞ്ഞ ശേഷം 17 വര്‍ഷം രാജ്യത്തെ റെഡ് ക്രസന്റിന്റെ സെക്രട്ടറി ജനറലായി സേവനം അനുഷ്ഠിച്ചു.