മാഡ്രിഡ്- കൊറോണ വൈറസ് ബാധയേറ്റ് സ്പെയിനില്‍ മരണം പതിനായിരം കടന്നു. 950 പേരാണ് വ്യാഴാഴ്ച മാത്രം മരണപ്പെട്ടത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് 24 മണിക്കൂറിനിടെ സ്പെയിനില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ മരണനിരക്കാണ് വ്യാഴാഴ്ച്ചത്തേത്. ഓരോ മൂന്ന് മിനിറ്റിലും രണ്ടുപേര്‍ വീതം കോവിഡ്മൂലം മരണത്തിന് കീഴടങ്ങുന്നതായി രാജ്യത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹോപ്കിൻസ് സർവകലാശാല ശേഖരിച്ച കണക്കുകൾ പ്രകാരം 110,238 രോഗബാധിതരില്‍ 10,003 പേരാണ് ഇതുവരെ സ്പെയിനില്‍ മരണപ്പെട്ടത്.
അതേസമയം ഏറ്റവും കൂടുതല്‍ കോറോണ പടര്‍ന്നുപിടിച്ച അമേരിക്കയില്‍ ഇതുവരെ 5,137 കോവിഡ് 19 മരണങ്ങൾ രേഖപ്പെടുത്തിയതായും സര്‍വകലാശാലയുടെ കണക്കുകളിലുണ്ട്. യുഎസില്‍ നിലവില്‍ 216,000 ലധികം പേര്‍ക്ക് കൊറോണ വൈറസ് ബാധയേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ ഇതുവരെ 956,000 ത്തിലധികം പേർക്ക് വൈറസ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 48,000 ത്തോളം പേർ മരണത്തിന് കീഴടങ്ങി.202,000 പേർ സുഖം പ്രാപിച്ചതായും വിവിധ രാജ്യങ്ങളില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.