ന്യൂദല്‍ഹി- അഫ്ഗാനിലെ കാബൂളില്‍ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളി ഐഎസ് ഭീകരനെതിരെ എന്‍ഐഎ കേസെടുത്തു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ മുഹമ്മദ് മുഹ്‌സിനെതിരെയാണ് കേസെടുത്തത്. ഈ മലയാളി ഐഎസ് ഭീകരന്റെ ചിത്രം സംഘടനയാണ് പുറത്തുവിട്ടത്. ഇവര്‍ പുറത്തുവിട്ട ചിത്രത്തിലുള്ളത് മുഹ്‌സിന്‍ ആണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. നേരത്തെ മറ്റൊരാള്‍ ആണൊയെന്ന് സംശയമുണ്ടായിരുന്നു.
കാബൂളില്‍ ഗുരുദ്വാരയുടെ നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരനടക്കം 27 പേര്‍ കൊല്ലപെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ചാവേര്‍ ആക്രമണത്തില്‍ മുഹ്‌സിനടക്കം മൂന്ന് ചാവേറുകള്‍ കൊല്ലപ്പെടുകയും ചെയ്തു.
എന്‍ഐഎ നിയമ ഭേദഗതി അനുസരിച്ച് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്. വിദേശത്ത് നടക്കുന്ന കുറ്റകൃത്യമായാല്‍ പോലും ഇന്ത്യന്‍ പൗരന്‍മാരോ, ഇന്ത്യന്‍ താല്‍പര്യത്തെ ബാധിക്കുന്നതോ ആയാല്‍ എന്‍ഐഎയ്ക്ക് ഇടപെടാന്‍ അധികാരം നല്കുന്നതാണ് പുതിയ ഭേദഗതി.