കോഴിക്കോട്- ദൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത ചിലർക്കു കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യവും ലോകവും ഒറ്റക്കെട്ടായി ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ വേണ്ടി ശ്രമിക്കുമ്പോൾ, രോഗവ്യാപനത്തിന്റെ പിന്നിൽ വർഗീയതയുടെ വേര് കണ്ടെത്താൻ വേണ്ടി ശ്രമിക്കുന്നത് അനുചിതവും തികഞ്ഞ സങ്കുചിതത്തവുമാണെന്ന് ഓൺലൈനിൽ ചേർന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
ഇത്തരം സാഹചര്യത്തിലുള്ള ഇസ്‌ലാമിന്റെ അധ്യാപനം ശരിയാംവിധം മനസ്സിലാക്കി പരിപാടി മാറ്റിവെക്കാൻ സാധിക്കേണ്ടതായിരുന്നു. അതിന് സന്നദ്ധമാവാതെ സ്വാഭിഷ്ട പ്രകാരം തബ്‌ലീഗ് നേതൃത്വം പ്രവർത്തിച്ചതാണ് അപകടം വരുത്തിവെച്ചത് എന്ന സത്യം ഇനിയും തിരിച്ചറിയാതെ പോകരുതെന്ന് വിസ്ഡം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
സൗദി ഗവൺമെന്റ് ഉംറ വരെ നിർത്തിവെച്ചതിൽ ഇസ്‌ലാമിക ലോകത്തിന് വലിയ പാഠമുണ്ടായിരുന്നു. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചുകൊണ്ട്, സാങ്കേതിക കാരണങ്ങൾ നിരത്തി സമ്മേളനത്തിന്റെ സാധുതയെ ന്യായീകരിക്കുന്നതിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രോഗവ്യാപനത്തിന് ആരും ബോധപൂർവം ശ്രമിക്കില്ലന്ന കാര്യം ഉറപ്പാണ്. ശക്തമായ ജാഗ്രതാ സന്ദേശങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിൽ ഇത്രയും ആളുകളെ പങ്കെടുപ്പിക്കുന്ന പരിപാടി എത്ര നേരത്തെ തീരുമാനിച്ചതാണെങ്കിലും മാറ്റിവെക്കൽ മതപരമായ ബാധ്യതയായിരുന്നുവെന്നത് ഉൾകൊള്ളാൻ തബ്‌ലീഗ് പണ്ഡിതന്മാർ തയാറാകണം.
ഭരിക്കുന്ന സർക്കാറുകളുടെ ഒത്താശയോടെ ഇതേ സമയത്ത് നടന്ന മറ്റു ചടങ്ങുകളൊന്നും കാണാതെ പോവുകയും ഇത് മാത്രം പ്രശ്‌നവൽക്കരിക്കുകയും ചെയ്യുന്നത് നീതീകരിക്കാവതല്ല.
ഇപ്പോഴും ആളുകൾ ഒരുമിച്ച് കൂടുന്ന മതാചാരങ്ങൾ നിയന്ത്രിക്കുന്നതിൽ ഉദാസീന നിലപാട് സ്വീകരിക്കുന്ന എല്ലാ ആരാധനാലയങ്ങൾക്കും അതിന്റെ നേതൃത്വങ്ങൾക്കും ഈ സംഭവം പാഠമാകേണ്ടതുണ്ട്.
പ്രസിഡന്റ് പി.എൻ. അബ്ദു ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് സംസാരിച്ചു.